Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

‘ഡയലോഗ് അടിക്കാതെ റെസിപ്പി പോസ്റ്റ് സ്വാമീ’; കളക്ടര്‍ ബ്രോയുടെ ചലഞ്ച് ഏറ്റെടുത്ത് 10 മിനിറ്റ് റെസിപ്പിയുമായി തുമ്മാരുകുടി

പുതുതലമുറകള്‍ നേരിടുന്ന പാചക പ്രതിസന്ധികളെ കുറിച്ച് കഴിഞ്ഞ ദിവസം മുരളി തുമ്മാരുകുടിയിട്ട ഫേസ് ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. പാചകം പെണ്ണുങ്ങളുടേത് മാത്രമാണെന്ന പൊതുധാരണയില്‍ നിന്നകന്ന് എല്ലാവരും പുറത്ത് വരണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒരു ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ പാചകത്തിന് ചിലവാക്കുന്നത് അധികപ്പറ്റാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി പറയുന്നു.

മിക്‌സിയില്‍ അരച്ചാല്‍ കറിക്ക് രുചിയില്ല, വാഷിങ് മെഷിനില്‍ അലക്കിയാല്‍ തുണി വെളുക്കില്ല, ഫ്രിഡ്ജ് ഉപയോഗിച്ചാല്‍ ചത്തു പോകും, അമ്മ പൊള്ളിച്ച പപ്പടത്തിന്റെ രുചി ലോകത്തെവിടെയും കിട്ടില്ലെന്നൊക്കെ പറയുന്ന പിന്തിരിപ്പന്‍ ചിന്താഗതിയെ അടിച്ചൊതുക്കണമെന്നും മുരളി തുമ്മാരുകുടി പുതുതലമുറയിലെ ആണ്‍കുട്ടികളോട് പറഞ്ഞിരുന്നു.

പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ഇത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വന്ന കളക്ടര്‍ ബ്രോയുടെ റെസിപ്പി ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മുരളി തുമ്മാരുകുടി. ജനീവ സ്‌റ്റൈല്‍ ഗ്രില്‍ഡ് സാല്‍മണ്‍ ഇന്‍ വൈറ്റ് വൈന്‍ എന്ന റെസിപ്പിയാണ് തുമ്മാരുകുടി ഷെയര്‍ ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു തുമ്മാരുകുടി റെസിപ്പി…

ദുബായില്‍ നിന്നും ജനീവക്ക് വിമാനത്തില്‍ കയറിയതായിരുന്നു ഇന്നലെ. പണ്ടൊക്കെ വിമാനത്തില്‍ കയറിയാല്‍പ്പിന്നെ ഇമെയിലും ഇന്റര്‍നെറ്റും ഒന്നുമില്ല, അതുകൊണ്ട് വായിക്കുകയോ സിനിമ കാണുകയോ ആണ് പതിവ്. കാലം മാറി, വിമാനത്തില്‍ത്തന്നെ ഇപ്പോള്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഉള്ളതിനാല്‍ ഫേസ്ബുക്ക് സുഹൃത്തുക്കളുമായി സംവദിക്കാമെന്ന് കരുതി. പാചകത്തിന് വേണ്ടി ആളുകള്‍ ഏറെ സമയം കളയുന്നു എന്നൊരു പരാതി എനിക്ക് പണ്ടേ ഉണ്ട്. അങ്ങനെയാണ് പാചകം പോസ്റ്റ് എഴുതിയത്. പോസ്റ്റിട്ട് പത്തു മിനിറ്റിനകം തന്നെ സംഗതി വൈറല്‍ ആകും എന്നെനിക്ക് മനസ്സിലായി. ചറപറാ കമന്റ്‌റ് വരാന്‍ തുടങ്ങി, അര മണിക്കൂറിനകം ആയിരം ലൈക്ക് കടന്നു, ഒരു മണിക്കൂറിനുള്ളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരാന്‍ തുടങ്ങിഎടുത്തു..
അപ്പോഴാണ് ബ്രോയുടെ വരവ്.’ഡയലോഗ് അടിക്കാതെ റെസിപ്പി പോസ്റ്റ് സ്വാമീ’ എന്നൊരു വെല്ലുവിളി.
നാല്പതിനായിരം അടി മുകളില്‍ ഇരുന്ന് ഞാന്‍ എങ്ങനെയാണ് ഇന്‍സ്റ്റന്റ് പാചകം കാണിച്ചു കൊടുക്കുന്നത്.
‘നിങ്ങള്‍ അല്ലേ ഇന്‍സ്പെക്ടര്‍, നിങ്ങള്‍ തന്നെ ഉണ്ടാക്കിയാല്‍ മതി’ എന്നൊക്കെ ഞാന്‍ പറഞ്ഞു നോക്കി.
‘ങ്ങളല്ലേ മൂത്തത്, ങ്ങള്‍ ഉണ്ടാക്കിക്കോളീ’ എന്ന് ബ്രോ.
അപ്പൊ ബ്രോക്കും മറ്റനവധി സുഹൃത്തുക്കള്‍ക്കും വേണ്ടി ഞാന്‍ തന്നെ കണ്ടുപിടിച്ച എന്റെ റെസിപ്പി ഇവിടെ.
ഗ്രില്‍ഡ് സാല്‍മണ്‍ ഇന്‍ വൈറ്റ് വൈന്‍, ജനീവ സ്‌റ്റൈല്‍!

ചേരുവകള്‍

സാല്‍മണ്‍ ഫിലെ – 300 ഗ്രാം
ജെനോവ സ്‌പെഷ്യല്‍ പെസ്റ്റോ – 3 സ്പൂണ്‍ (ബേസില്‍ ഇലകള്‍, ചീസ്, ഒലിവ് ഓയില്‍ ഇവ കൂട്ടി അരച്ചതാണ്)
ചെറിയ ഉരുളക്കിഴങ്ങ് – 2 എണ്ണം
ചെറി റ്റൊമാറ്റോ – 2 എണ്ണം
വൈറ്റ് വൈന്‍ – 50 ml

പാചകം ചെയ്യേണ്ട വിധം

സാല്‍മണ്‍ നന്നായി കഴുകി ജെനോവ പെസ്റ്റോ കൊണ്ട് മാരിനേറ്റ് ചെയ്യുക. മാരിനേറ്റ് ചെയ്ത സാല്‍മണ്‍ മൈക്രോവേവ് ചെയ്യാവുന്ന ഒരു പാത്രത്തില്‍ വച്ച് അതിന് ചുറ്റും രണ്ടായി മുറിച്ച ഉരുളക്കിഴങ്ങും ചെറി റ്റൊമാറ്റോയും വക്കുക. 50 ml വൈറ്റ് വൈന്‍ പാത്രത്തില്‍ ഒഴിക്കുക, പാത്രം വേണ്ട തരത്തില്‍ സീല്‍ ചെയ്ത് ആറു മിനുട്ട് മൈക്രോവേവ് ചെയ്യുക. മൈക്രോവേവ് ഓഫ് ആയി അഞ്ചു മിനുട്ട് കഴിഞ്ഞാല്‍ എടുത്ത് ഉപയോഗിക്കാം.
(ജനീവ ഒക്കെ ആയത് കൊണ്ട് വൈന്‍ ചുമ്മാ സ്‌റ്റൈലിന് ഒഴിക്കുന്നതാണ് കേട്ടോ, വൈന്‍ പറ്റാത്തവര്‍ക്ക് സ്‌പ്രൈറ്റ് ഒഴിച്ചാലും കുഴപ്പമില്ല, സത്യം).

@Prasanth Nair ബ്രോ, ഒരു ഗ്ലാസ് വൈനിന്റെ കൂടെ ഗംഭീരം…

മുരളി തുമ്മാരുകുടി

shortlink

Related Articles

Post Your Comments

Related Articles


Back to top button