KeralaLatest News

ലാബുകളിലേക്കെത്തിച്ച ഉപകരണങ്ങളില്‍ തിരുമറി; കെഎച്ച്ആര്‍ഡബ്ല്യുഎസ് എംഡിക്കെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴിലുള്ള എസിആര്‍ ലാബുകളില്‍ പരിശോധന ഉപകരണങ്ങള്‍ എത്തിച്ചതില്‍ ക്രമക്കേടെന്ന് ആരോപണം. ടെണ്ടര്‍ വിളിക്കാതെ മാനേജിങ് ഡയറക്ടര്‍ നേരിട്ടിടപെട്ട് ഒരു കമ്പനിയില്‍ നിന്നുമാത്രം കോടികണക്കിന് രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ എത്തിച്ചെന്നാണ് ആരോപണം. അഞ്ചുവര്‍ഷം വരെ കാലാവധിയിലാണ് ഉപകരണങ്ങള്‍ എത്തിക്കുന്നത്. കാലാവധി കഴിയുമ്പോള്‍ അത് പുതുക്കുകയും ചെയ്യും.

ഈ രീതി തുടരുന്നതിനിടെയാണ് ഉപകരണങ്ങള്‍ എല്ലാം എടുത്തുമാറ്റണമെന്നും പുതിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഇ ടെണ്ടറിലേക്ക് പോകുകയാണെന്നും കാണിച്ച് കമ്പനികള്‍ക്ക് എംഡി കത്ത് അയച്ചത്. എന്നാല്‍ ഇ ടെണ്ടര്‍ നടത്താതെ പകരം നിലവിലുളള എല്ലാ കമ്പനികളേയും ഒഴിവാക്കി ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ നിന്നു മാത്രം ഉപകരണങ്ങളെത്തിച്ചു.

അതേസമയം, ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഈ ആഴ്ച തന്നെ ഇടെണ്ടര്‍ നടപടികള്‍ തുടങ്ങുമെന്നും കെഎച്ച്ആര്‍ഡബ്ല്യുഎസ് എംഡി അശോക് ലാല്‍ പ്രതികരിച്ചു. നിലവിലുണ്ടായിരുന്ന കമ്പനികളുടെ ഉപകരണങ്ങളുടെ കാലാവധി കഴിഞ്ഞതിനാലാണ് പുതിയ കമ്പനിയില്‍ നിന്ന് ഉപകരണങ്ങളെത്തിച്ചതെന്നും അശോക് ലാല്‍ പറഞ്ഞു.

കെഎച്ച്ആര്‍ഡബ്ല്യുഎസിലെ ലാബുകളിലേക്ക് വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നതിനു മുന്നോടിയായി അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാ കമ്പനികളേയും വിവരമറിയിക്കും. കമ്പനികളില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ പരിശോധിച്ചശേഷം എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന കമ്പനിയില്‍ നിന്ന് ഉപകരണം എത്തിക്കും.

ഉപകരണത്തിന്റെ വില കമ്പനി ഈടാക്കില്ല. പകരം പരിശോധനകള്‍ക്കുള്ള റീ ഏജന്റുകള്‍ ആ കമ്പനിയില്‍ നിന്ന് തന്നെ വാങ്ങുന്നതാണ് രീതി. എന്നാല്‍ വകുപ്പിലെ ഉന്നത ഉദ്യോഗസഥര്‍ പോലും അറിയാതെയാണ് ബഹുരാഷ്ട്ര കമ്പനിയില്‍ നിന്ന് ഉപകരണങ്ങള്‍ എത്തിച്ചതെന്നാണ് ആരോപണം. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ജില്ലകളിലെ എസിആര്‍ ലാബുകളിലെത്തിച്ച പുതിയ ഉപകരണങ്ങള്‍ ഇതുവരെ ഉപയോഗിച്ചു തുടങ്ങിയിട്ടുമില്ലെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button