KeralaLatest News

ആയുര്‍വ്വേദ ചികിത്സയ്ക്കായി കേരളത്തിലെത്തി, സംസ്‌കാരവും ജീവിതരീതിയും ആകര്‍ഷിച്ചു; ഒടുവില്‍, മലയാളം പഠിക്കാന്‍ തീരുമാനിച്ച് ഈ ഓസ്‌ട്രേലിയക്കാരി

കൊച്ചി: മലയാളികള്‍ പലരും മലയാളം മറന്ന് തുടങ്ങിയപ്പോള്‍ എണ്‍പതുകാരിയായ ഓസ്ട്രേലിയന്‍ വനിത കാതറിന്‍, കേരളത്തിന്റെ ഭാഷയെയും സംസ്‌കാരത്തെയും കുറിച്ചു പഠിക്കാന്‍ വേണ്ടി മാത്രം കേരളത്തില്‍ താമസിക്കുന്നു. ആയുര്‍വ്വേദ ചികിത്സയ്ക്കായാണ് കാതറിന്‍ കേരളത്തിലെത്തിയത്. കഴിഞ്ഞ ജനുവരി മുതല്‍ മൂന്നു മാസം അവര്‍ കേരളത്തിലുണ്ടായിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞതോടെ പിന്നെ സിങ്കപ്പൂരില്‍ മകന്റെയടുത്തേക്കു പോയി. വൈകാതെ വിസ പുതുക്കി മടങ്ങിയെത്തുകയും ചെയ്തു. ആ രണ്ടാം വരവിന് പിന്നില്‍ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളം പഠിക്കണം.

തന്റെ നാട്ടിലെ യാത്രാ സംഘത്തോടൊപ്പമാണ് കാതറില്‍ ആയുര്‍വ്വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയത്. ചികിത്സ കഴിഞ്ഞ് ചെറായി ബീച്ച് കാണാന്‍ വന്നു. അതിനകം ആയുര്‍വേദവും കേരളത്തിന്റെ കലയും സംസ്‌കാരവും കേരളത്തിലെ കുടുംബ ജീവിതവുമൊക്കെ അവരെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. 20 വര്‍ഷമായി സാക്ഷരതാ മിഷന്റെ പ്രേരക് ആയി പ്രവര്‍ത്തിക്കുന്ന ചെറായി കണ്ണാത്തിശ്ശേരി കെ.ബി. രാജീവിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പമായിരുന്നു കാതറിന്റെ താമസം. മലയാളം പഠിച്ചാലേ സംസ്‌കാരത്തെ പൂര്‍ണമായും മനസ്സിലാക്കാനാവൂ എന്ന വിശ്വാസമാണ് അവര്‍ക്കുള്ളത്. രാജീവ് മലയാളം പഠിപ്പിക്കുന്നയാളാണെന്നു മനസ്സിലായതോടെ അദ്ദേഹത്തിന്റെ സഹായം തേടുകയായിരുന്നു. അങ്ങനെ കാതറിന്‍ സാക്ഷരതാ മിഷനില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മലയാള പഠനം ആരംഭിച്ചു. അക്ഷരങ്ങള്‍ വായിക്കാനും എഴുതാനുമൊക്കെ ഇപ്പോള്‍ കാതറിനറിയാം. വാക്കുകളും അര്‍ഥവും പഠിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. രാവിലെയും വൈകുന്നേരവും എഴുതിയും വായിച്ചും പരിശീലനം നടത്തും. ഇതോടൊപ്പം വീട്ടില്‍ നിത്യം ഉപയോഗിക്കുന്ന മലയാള പദങ്ങള്‍, അര്‍ഥം ചോദിച്ചു മനസ്സിലാക്കി പ്രയോഗിക്കുന്നുമുണ്ട്. വീട്ടില്‍ മറ്റുള്ളവര്‍ പറയുന്നതുപോലെ ‘എനിക്ക് ചായ വേണം’ എന്നു മലയാളത്തില്‍ തന്നെയാണവര്‍ പറയുന്നത്.

യാത്രകള്‍ക്കിടയില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമകള്‍ കണ്ട് അന്വേഷിച്ച കാതറിന്‍ പിന്നെ ഇന്റര്‍നെറ്റ് പരതി ഗുരുദേവന്റ ജീവിതത്തെയും ആശയത്തെയും കുറിച്ച് അറിഞ്ഞു. ശിവഗിരിയില്‍ പോകണമെന്ന ആഗ്രഹത്തിലാണിപ്പോള്‍ ഈ എ്ണ്‍പതുകാരി. കേരളീയ വസ്ത്രങ്ങള്‍ ധരിക്കാനും കേരളീയ ഭക്ഷണം കഴിക്കാനുമാണിപ്പോള്‍ ഇഷ്ടം.’മലയാളത്തെയും മലയാളികളെയും ഈ സംസ്‌കാരത്തെയും അറിയണം. ഇടയ്ക്ക് നാട്ടില്‍ പോകേണ്ടി വന്നാലും ഞാന്‍ വീണ്ടും വരും, അതറിയാനായി” – കാതറിന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button