ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ ജെഡിഎസ്‌കോണ്‍ഗ്രസ് സര്‍ക്കാരിനെ കുതിരക്കച്ചവടത്തിലൂടെ താഴെയിറക്കാനുള്ള ബിജെപി നീക്കത്തിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം. കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ രാജ്യസഭ പൂര്‍ണമായും സ്തംഭിച്ചു. ലോക്‌സഭയില്‍ അടിയന്തര പ്രമേയം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപോയി.
കര്‍ണാടക വിഷയത്തില്‍ അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ട് രാജ്യസഭയില്‍ ബി കെ ഹരിപ്രസാദ് നോട്ടീസ് നല്‍കിയിരുന്നു. അവതരണാനുമതി നിഷേധിച്ചതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. 12 മണി വരെ സഭ നിര്‍ത്തി. ചോദ്യോത്തരവേള തുടങ്ങിയപ്പോഴും പ്രതിഷേധം തുടര്‍ന്നു. ഇതോടെ രണ്ടു മണിവരെ നിര്‍ത്തിയ സഭ പിന്നീട് ബുധനാഴ്ച ചേരാനായി പിരിഞ്ഞു.
കര്‍ണാടകയിലെ കുതിരക്കച്ചവടത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭയില്‍ പറഞ്ഞു.
ബിജെപിക്ക് ഒരു പങ്കുമില്ലെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ എംഎല്‍എ രാജ്ഭവനില്‍നിന്ന് ഇറങ്ങിയാലുടന്‍ കൊണ്ടുപോകാന്‍ പുറത്ത് കാറ് തയ്യാറാണ്. വിമാനത്താവളത്തില്‍ എത്തിയാല്‍ വിമാനം തയ്യാറാണ്– ചൗധരി പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസ് നിരാകരിച്ചതില്‍ പ്രതിഷേധിച്ച് അംഗങ്ങള്‍ പിന്നീട് ഇറങ്ങിപ്പോക്ക് നടത്തി.
Post Your Comments