കറാച്ചി: ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാന്റെ സെമി പ്രവേശനം ഒഴിവാക്കാൻ ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂർവം തോറ്റുകൊടുക്കുകയായിരുന്നുവെന്ന ആരോപണത്തിനെതിരെ പാകിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദ്. ഇന്ത്യ തോറ്റുകൊടുത്തതല്ലെന്നും ഇംഗ്ലണ്ട് അവരുടെ മികവുകൊണ്ട് ജയിച്ചതാണെന്നും സർഫ്രാസ് വ്യക്തമാക്കി. കളി ജയിക്കാനുള്ള ആഗ്രഹത്തിൽ ഇംഗ്ലണ്ട് മികച്ച പ്രകടനം നടത്തി എന്നതാണ് സത്യമെന്നും താരം പറയുകയുണ്ടായി. വഖാർ യൂനിസ് ഉൾപ്പെടെയുള്ള മുൻ താരങ്ങളും ഒരു വിഭാഗം പാകിസ്ഥാൻ ആരാധകരും ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി പാക് ക്യാപ്റ്റൻ രംഗത്തെത്തിയത്.
അതിനിടെ, ബംഗ്ലദേശ് താരങ്ങളെ ‘ബംഗാളി’ എന്ന പദംകൊണ്ട് അഭിസംബോധന ചെയ്ത പാക് മാധ്യമപ്രവർത്തകയെയും സർഫ്രാസ് തിരുത്തുകയുണ്ടായി. ബംഗ്ലാദേശുകാരെക്കുറിച്ച് പറയാൻ ‘ബംഗാളി’ എന്ന വാക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ വാക്ക് ദയവു ചെയ്ത് ഉപയോഗിക്കരുത്. അതു സമൂഹമാധ്യമങ്ങളിലും മറ്റും നിങ്ങൾക്കു തന്നെ വിനയാകും. അവരെ ബംഗ്ലദേശ് എന്നുതന്നെ അഭിസംബോധന ചെയ്യാമല്ലോ. നിങ്ങൾ ഉപയോഗിക്കുന്ന ആ വാക്ക് പ്രശ്നമാണെന്നായിരുന്നു താരം വ്യക്തമാക്കിയത്.
Post Your Comments