തൃശ്ശൂര്‍: ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പേരിന് മാത്രം മതിയെന്ന് പോലീസിന് ഉന്നതതലത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചതായി സൂചന. രാഷ്ട്രീയ പ്രമുഖരടക്കമുള്ളവരെ ജയിലില്‍ നിന്നും പ്രതികള്‍ ഫോണ്‍ വിളിച്ചിരുന്നതായി തുടക്കത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം മരവിപ്പിക്കുന്നത്.
എണ്‍പതോളം മൊബൈല്‍ ഫോണുകളാണ് മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍ നിന്നായി പിടികൂടിയത്. ജയില്‍ നിയമപ്രകാരം ഇവ അതത് പരിധികളിലെ പോലീസിന് കൈമാറി. പോലീസിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ ജൂണ്‍ 20 മുതലാണ് ജയില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ജയിലുകളില്‍ പരിശോധന നടത്തിയത്. രണ്ടാഴ്ച പിന്നിട്ടിട്ടും ഇത് സംബന്ധിച്ച അന്വേഷണം ഏങ്ങും എത്തിയിട്ടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഏറ്റവും അധികം ഫോണുകള്‍ പിടിച്ചെടുത്തത്. 51 ഫോണുകളാണ് ഇവിടെനിന്നും പിടിച്ചെടുത്തത്. കൂടുതല്‍ ഫോണ്‍ വിളികള്‍ പോയതും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫോണ്‍വിളിയാണ് സംസ്ഥാനത്തെ ഫോണ്‍ വേട്ടകള്‍ക്ക് തുടക്കമിട്ടതെന്നാണ് സൂചന. കതിരൂരിലെ ഒരു കേസുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുന്ന പ്രതിയാണ് തിരുവനന്തപുരത്തെ ഒരു ഉന്നതനെ ഫോണിലൂടെ വിളിച്ച് വിരട്ടിയത്. കണ്ണൂരിലെ ഒരു പ്രമുഖനേതാവിനെ ഒതുക്കാന്‍ ശ്രമിച്ചാല്‍ വിവരമറിയും എന്ന രീതിയിലായിരുന്നു ഫോണ്‍വിളി. ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് ഫോണ്‍ വന്നത് ജയിലില്‍ നിന്നാണെന്ന് മനസിലായത്. ഇതോടെയാണ് സംസ്ഥാനത്തെ ജയിലുകളില്‍ ഫോണ്‍വേട്ട ശക്തമാക്കിയതും വിയ്യൂരില്‍ അതിസുരക്ഷാ ജയില്‍ സജ്ജമാക്കിയതും. തിരുവനന്തപുരത്തെ പ്രമുഖനെ വിരട്ടിയ തടവുകാരനെയും ഈ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയേക്കുമെന്ന സൂചനയുണ്ട്.
Post Your Comments