ലീഡ്‌സ്: ഇംഗ്ലണ്ടിലെ ഹോട്ടലില്‍ കേരളത്തിന്റെ രുചിക്കൂട്ടുകള്‍ തേടി വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും. ലീഡ്സില്‍ നിന്ന് ഇരുവരും മാഞ്ചസ്റ്ററിലേക്ക് തിരിച്ചത് കേരളത്തിന്റെ തനത് വിഭവങ്ങളായ താലി മീല്‍സും മസാലദോശയും അപ്പവും മുട്ടക്കറിയും കഴിച്ചാണ്. ലീഡ്‌സിലെ പ്രശസ്തമായ തറവാട് ഹോട്ടലില്‍ നിന്നാണ് ഇരുവരും മലയാളത്തനിമ രുചിച്ചറിഞ്ഞത്.
കെട്ടിലും മട്ടിലും കേരളീയ തനിമയുള്ള ഇംഗ്ലണ്ടിലെ ഈ പ്രശസ്തമായ ഹോട്ടല്‍ നടത്തുന്നത് മലയാളികള്‍ തന്നെയാണ്. കുത്തരി ചോറ് മുതല്‍ മലയാളികളുടെ ദേശീയഭക്ഷണമെന്ന് വിശേഷിപ്പിക്കുന്ന പൊറോട്ട വരെ ഇവിടെയുണ്ട്. അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും കഴിഞ്ഞ ദിവസം ഇവിടെയെത്തുന്നത്.
ഹോട്ടലിലെ പ്രശസ്തമായ കാരണവര്‍ മസാലദോശയാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നാലെ അപ്പവും മുട്ടക്കറിയും. ശേഷം താലി മീല്‍സ്. അനുഷ്‌ക ശര്‍മ്മയ്ക്ക് കോലി നല്‍കിയ സമ്മാനമായിരുന്നു കേരളീയ വിഭവങ്ങള്‍. ഈ ഹോട്ടലുമായി 2014 മുതല്‍ അടുപ്പമുണ്ട് വിരാട് കോലിക്ക്.
അന്ന് ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിന് ദക്ഷിണേന്ത്യന്‍ പ്രഭാത ഭക്ഷണം വേണമെന്നായിരുന്നു് ആഗ്രഹം. ടീം താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാര്‍ തറവാട് ഹോട്ടലിലെത്തി ഇഡ്ഡലിയും സാമ്പാറും വാങ്ങി മടങ്ങി. കേരളീയ ഭക്ഷണത്തിന്റെ രുചിയറിഞ്ഞ കോലി പിറ്റേന്ന് തന്നെ തറവാട്ടിലെത്തി. 2017ല്‍ ചാമ്പ്യന്‍സ് ട്രോഫിക്കെത്തിയപ്പോഴും കോലി ഈ ഹോട്ടലിലെത്തിയിരുന്നു.
പാലാക്കാരായ സിബി ജോസ്, രാജേഷ് നായര്‍, കോട്ടയം സ്വദേശി അജിത്ത് നായര്‍, തൃശ്ശൂരുകാരന്‍ മനോഹരന്‍ ഗോപാല്‍, ഉഡുപ്പി സ്വദേശി പ്രകാശ് മെന്‍ഡോന്‍സ എന്നിവരാണ് ഹോട്ടലിന്റെ ഉടമസ്ഥര്‍. ഇവിടുത്തെ പാചകക്കാരും മലയാളികള്‍ തന്നെയാണ്.
Post Your Comments