ചണ്ഡിഗഡ് : കത്വ പീഡനക്കേസില്‍ ഇരക്ക് നീതി ഉറപ്പാക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍. വിചാരണ കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതോടെയാണ് യൂത്ത് ലീഗ് വീണ്ടും നിയമ പോരാട്ടത്തിനിറങ്ങിയത്.
കേസ് വാദം കേള്‍ക്കാനായി 18ലേക്ക് മാറ്റിയ കോടതി, കശ്മീര്‍ സര്‍ക്കാറിന് നോട്ടീസയച്ചു. കത്വ നിയമ പോരാട്ടത്തിന്റെ അന്തിമ ഘട്ടം വരെ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ജാഗ്രതയോടെ നിലയുറപ്പിക്കുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ അറിയിച്ചു. ഹൈക്കോടതിയിലും പൂര്‍ണ സജ്ജരായ അഭിഭാഷകരുടെ സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിചാരണക്കോടതി വിധി തൃപ്തികരമല്ലന്ന് ചൂണ്ടിക്കാട്ടിയും പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ടും കത്വ കേസില്‍ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഇതുവരെ അതിന് അനുമതി നല്‍കിയിട്ടില്ല. ഇതിനിടെയാണ് ശിക്ഷ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഇതോടെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമ പിന്തുണ ആവര്‍ത്തിച്ച് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നേതൃത്വം, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെത്തുകയായിരുന്നു.
വരും ദിവസങ്ങളില്‍ മുതിര്‍ന്ന അഭിഭാഷകരെ രംഗത്തിറക്കുമെന്നും പെണ്‍കുട്ടിയുടെ പിതാവിന് വേണ്ടി അപ്പീല്‍ സമര്‍പ്പിക്കുമെന്നും യൂത്ത് ലീഗ് നേതൃത്വം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവിന് വേണ്ടി അഭിഭാഷകനായ മുബീന്‍ ഫാറൂഖിയാണ് യൂത്ത് ലീഗ് ആദ്യ ദിവസം ഹാജരാക്കിയത്. പ്രതികളുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈകോടതി കശ്മീര്‍ സര്‍ക്കാറിന് നോട്ടീസയച്ചിട്ടുണ്ട്.
ദുഷ്‌കരമായ ദൗത്യമായിരിക്കും എന്ന തിരിച്ചറിവോടെയാണ് ഈ കേസിന്റെ നിയമ സഹായ ദൗത്യം യൂത്ത് ലീഗ് ഏറ്റെടുത്തത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരത ചെയ്ത പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും സി.കെ സുബൈര്‍ പറഞ്ഞു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: വി കെ ഫൈസല്‍ ബാബു, എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ എന്നിവരടങ്ങുന്ന നേതൃസംഘവും ചണ്ഡിഗഡിലെത്തിയിരുന്നു. ഈ മാസം 18 ന് കേസ് വീണ്ടും പരിഗണിക്കും.
Post Your Comments