ലണ്ടന്‍: അംബാട്ടി റായുഡുവിന്റെ അപ്രതീക്ഷിതമായ വിരമിക്കലില്‍ പ്രതികരണവുമായി ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. ‘വലിയൊരു ഭാവി ആശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും പ്രിയ സഹോദരാ’ എന്നാണ് ധവാന്‍ ട്വിറ്ററില്‍ കുറിച്ചത്. റായിഡുവിന്റെ വിരമിക്കലില്‍ പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും രംഗത്ത് വന്നിരുന്നു. താങ്കള്‍ ഒരു വലിയ മനുഷ്യനാണ്. മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ഭാവുകങ്ങളും എന്നു ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു കോഹ്ലിയുടെ പ്രതികരണം.
ഐ.പി.എല്‍ ഉള്‍പ്പെടെ എല്ലാത്തരം ക്രിക്കറ്റുകളില്‍ നിന്നുമാണ് ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്‍ അംമ്പാട്ടി റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പിനിടെ പരിക്കേറ്റ വിജയ് ശങ്കറിന് പകരക്കാരനായി മായങ്ക് അഗര്‍വാളിനെ തിരഞ്ഞെടുത്ത തീരുമാനമാണ് റായിഡുവിന്റെ അപ്രതീക്ഷിത വിരമിക്കലിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങളില്‍ നിര്‍ണായക ഘടകമായിരുന്ന റായിഡു ഒരുവേള ടീമില്‍ സ്ഥാനം ഉറപ്പിച്ച താരമായിരുന്നു. എന്നാല്‍, ലോകകപ്പ് തുടങ്ങുന്നതിനു തൊട്ടുമുന്‍പുള്ള പരമ്പരകളില്‍ നിറംമങ്ങിയതാണ് താരത്തിന് തിരിച്ചടിയായത്. ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയതോടെ പരസ്യ പ്രതികരണവുമായി റായിഡു രംഗത്തെത്തിയിരുന്നു. റായിഡുവിനു പകരം വിജയ് ശങ്കറിനെ പരിഗണിക്കാനുള്ള കാരണമായി ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ് പറഞ്ഞ കാരണം വിജയ് ശങ്കര്‍ ‘ത്രീ ഡയമെന്‍ഷന’ല്‍ താരമാണെന്നായിരുന്നു. ഈ പരാമര്‍ശത്തെ പരിഹസിച്ച്, ‘ഞാനൊരു ത്രീഡി കണ്ണട’യ്ക്ക് ഓര്‍ഡര്‍ നല്‍കിയെന്ന് ട്വീറ്റ് ചെയ്തും റായുഡു വിവാദത്തില്‍പ്പെട്ടു. ലോകകപ്പ് ടീമിലേക്കു പരിഗണിക്കപ്പെടാതിരിക്കാന്‍ ഇതും കാരണമായി വിലയിരുത്തപ്പെടുന്നു.
ലോകകപ്പിനുള്ള പകരക്കാരുടെ പട്ടികയില്‍ റായിഡു ഉള്‍പ്പെട്ടിരുന്നു. ലോകക്കപ്പിനിടെ ശിഖര്‍ ധവാനും ശങ്കറിനും പരിക്കേറ്റെങ്കിലും റിഷഭ് പന്തിനെയും അഗര്‍വാളിനെയുമാണ് ടീമിലേക്ക് വിളിച്ചത്. ഇതാണ് പെട്ടെന്നുള്ള വിരമിക്കലിന് പ്രകോപനമായതെന്നു കരുതുന്നു. ഇതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ കളിച്ച റായുഡു 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടി. 124 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് സെഞ്ചുറിയും പത്ത് അര്‍ധസെഞ്ചുറിയും റായുഡുവിന്റെ പേരിലുണ്ട്.
I wish a great future for you @RayuduAmbati. All the best brother. ? pic.twitter.com/7cY91tDp1T
— Shikhar Dhawan (@SDhawan25) July 4, 2019
Post Your Comments