കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും.കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാനുള്ള ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ അപേക്ഷ ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നേരത്തേ അറിയിച്ചിരുന്നു. കേസില്‍ മറ്റ് പരാതിക്കാരില്ലെന്ന് വ്യക്തമാകാനാണ് നടപടി.
കേസ് പിന്‍വലിക്കാന്‍ കെ. സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ഈ തീരുമാനം അറിയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അന്തരിച്ച മുസ്ലിംലീഗ് എം.എല്‍.എ പി.ബി. അബ്ദുല്‍ റസാഖിന്റെ വിജയം ചോദ്യം ചെയ്തായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി . ഹര്‍ജി പിന്‍വലിക്കുന്നതില്‍ ആക്ഷേപമുണ്ടങ്കില്‍ അറിയിക്കാന്‍ കോടതി അനുവദിച്ച 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കും. ഇതോടെയാണ് കേസ് നടപടികള്‍ പൂര്‍ണമാകുക.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് അബ്ദുല്‍ റസാഖ് വിജയിച്ചത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. കേസിലെ കക്ഷികള്‍ക്ക് സമന്‍സ് എത്തിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യത്തില്‍ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്.
Post Your Comments