Latest NewsKerala

അഴിച്ചു പണി അടിത്തട്ടില്‍ നിന്ന്; ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം

തിരുവനന്തപുരം : അടിമുടി താളം തെറ്റിയ ജയിലുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം. ജയിലുകളില്‍ നിന്നു മൊബൈല്‍ ഫോണുകളും കഞ്ചാവും ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ വ്യാപകമായി കണ്ടെത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്തെ ജയിലുകളില്‍ കൂട്ടസ്ഥലംമാറ്റം നടന്നിരിക്കുന്നത്. വാര്‍ഡര്‍, ഹെഡ് വാര്‍ഡര്‍ തസ്തികയിലുള്ള നൂറോളം പേരെ തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ മേഖലകളില്‍ നിന്നായി സ്ഥലംമാറ്റി. സിപിഎം അനുകൂല സംഘടനയിലെ സംസ്ഥാന ഭാരവാഹികളും സ്ഥലം മാറ്റിയവരിലുണ്ട്.

ഋഷിരാജ് സിങ് ജയില്‍ ഡിജിപിയായി ചുമതലയേറ്റതിനു ശേഷം കഴിഞ്ഞ 10 ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മാത്രം 49 മൊബൈല്‍ ഫോണും 10 പൊതി കഞ്ചാവുമാണു പിടിച്ചെടുത്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം 15 പേരെ സ്ഥലംമാറ്റി. ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ റാങ്കിലുള്ളവരെയാണ് ഉത്തര മേഖലയിലെ വിവിധ ജയിലുകളിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ജയില്‍ സബ് ഓര്‍ഡിനേറ്റ്‌സ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമുണ്ട്. ഇദ്ദേഹത്തെ തലശ്ശേരി സബ് ജയിലിലേക്കാണു മാറ്റിയത്. സ്ഥലംമാറ്റ കാരണം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

ജയിലുകളില്‍ നിലവിലുണ്ടായിരുന്ന വര്‍ക്കിങ് അറേഞ്ച്‌മെന്റ് സംവിധാനവും നിര്‍ത്തലാക്കി. വര്‍ക്കിങ് അറേഞ്ച്‌മെന്റ് എന്ന പേരില്‍ മേലുദ്യോഗസ്ഥരുടെ ഓഫിസുകളില്‍ ജോലി ചെയ്യാതെ കഴിഞ്ഞ ഉദ്യോഗസ്ഥരെ മാതൃ യൂണിറ്റുകളിലേക്കു തിരിച്ചയച്ചു. ജയില്‍ ആസ്ഥാനത്തെ ഐജി ഓഫിസില്‍ നിന്നു മാത്രം 20 പേരെ മടക്കി. അടുത്ത സമയത്ത് അട്ടക്കുളങ്ങര വനിതാ ജയിലില്‍ ഉണ്ടായ ജയില്‍ ചാട്ടം, പീരുമേട് സബ് ജയിലിലെ മര്‍ദനം, റെയ്ഡ് എന്നിവ കൂടി കണക്കിലെടുത്താണ് അഴിച്ചു പണി എന്നാണു വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button