ന്യൂഡല്‍ഹി: കന്നി ബജറ്റ് കവിതകളാല്‍ സമ്പന്നമാക്കി ധനമന്ത്രി നിര്‍മല സീതാരാമന്. ബജറ്റ് അവതരണത്തിനിടെ ഇടയ്ക്കിടെ ഉദ്ധരിക്കപ്പെട്ട കാവ്യശകലങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു ഉറുദു കവിതാശകലം ചൊല്ലി ഏവരെയും അമ്പരപ്പിച്ച ധനമന്ത്രി പിന്നീട് ബജറ്റ് അവതരണവേളയുടനീളം കവിത നിറച്ചു. രാജ്യത്തിന്റെ ഭരണകര്‍ത്താവിനും ജനങ്ങള്‍ക്കും ആത്മവിശ്വാസം എത്ര പ്രധാനമാണ് എന്ന് പറഞ്ഞ കൂട്ടത്തിലാണ് ധനമന്ത്രി, മന്‍സൂര്‍ ഹാഷ്മി എന്ന പ്രസിദ്ധ ഉറുദു കവിയുടെ
‘യകീന് ഹേ തോ കോയി രാസ്താ നികല്‍താഹേ..
ഹവാ കി ഓട് സേ ഭി ചരാഗ് ജല്താ ഹേ..’ എന്ന വരികള്‍ ഉദ്ധരിച്ചത്. ആത്മവിശ്വാസമുണ്ടെങ്കില്‍ അവന് മുന്നില്‍ വഴി എങ്ങനെയും തെളിഞ്ഞു വരും എന്നതാണ് ഈ വരികളുടെ സാരം.
അതിനു പിന്നാലെ അവര്‍ ധനതത്വശാസ്ത്രജ്ഞരുടെ ഇഷ്ട സംസ്കൃതകാവ്യമായ ചാണക്യനീതിയും നിര്‍മലാ സീതാരാമന് ഉദ്ധരിച്ചു. ‘കാര്യപുരുഷ കരേ ന ലക്ഷ്യം സമ്പ ദായതേ..’ – തുനിഞ്ഞിറങ്ങിയാല്‍ ലക്ഷ്യപ്രാപ്തി സുനിശ്ചിതമാണ് എന്നാണ് ഈ വരികളുടെ അര്‍ത്ഥം.
സ്ത്രീ ശാക്തീകരണത്തിനായുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനിടെ വിവേകാനന്ദനെ ഉദ്ധരിച്ചുകൊണ്ടാണ് ധനമന്ത്രി പ്രസംഗിച്ചത്. ‘ലോകക്ഷേമത്തിന് സ്ത്രീകളുടെ നില മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഒരു പക്ഷിയും ഇന്നോളം ഒറ്റച്ചിറകില്‍ പറന്നുപൊങ്ങിയ ചരിത്രമില്ല..’ എന്ന പണ്ട് വിവേകാനന്ദന് രാമകൃഷ്ണപരമഹംസര്‍ക്കെഴുതിയ കത്തിലെ വരികളാണ് അപ്പോള്‍ പറഞ്ഞത്.
തുടര്‍ന്ന്, നികുതി പിരിവിനെപ്പറ്റി പറഞ്ഞിടത്ത് പുറനാനൂറ് എന്ന പ്രാചീന തമിഴ് കാവ്യത്തില്‍ നിന്നും വരികളും ധനമന്ത്രി ഓര്‍ത്തെടുത്തു. പിസിരാന്തെയാര്‍ എന്ന തമിഴ് കവിയുടേതാണ് ഈ വരികള്‍. പാണ്ട്യന് അറിവുടൈ നമ്പി എന്ന രാജാവിന് നല്കുന്ന ഉപദേശത്തിന്റെ രൂപത്തിലുള്ളതാണ് ഈ വരികള്‍.
‘ കായ് നെല്‍ അറുത്ത് കവണം കൊളിനേന്‍ ,
അറിവുടൈയ വേന്തേന്‍
നെറി അറിന്തു കൊളിനേ
വരിസൈ അറിയാക് കല്ലെന്‍
സുട്രമൊട് പരിവ് തപ എടുക്കും
പിണ്ടം നച്ചിന്‍
യാനൈ പുക്ക പുലം പോല
താനും ഉന്തന് ഉലഗമും കെടുമേ..’ എന്ന ഈ കവിതയുടെ അര്‍ത്ഥം ആനയ്ക്ക് വിശപ്പടക്കാന്‍, ഒരു നെല്‍പ്പാടത്ത് കൃഷി ചെയ്യുന്ന നെല്ലില്‍ നിന്നും കുറച്ചെടുത്ത് പുഴുങ്ങികുത്തിയെടുക്കുന്ന അരികൊണ്ടുള്ള ചോറ് മതിയാകും. എന്നാല്‍ ആന വിശപ്പടക്കാന്‍ വേണ്ടി ആ നെല്‍പ്പാടത്തിലേക്ക് നേരിട്ടിറങ്ങിയാലോ..? അത് തിന്നുന്നതിന്റെ എത്രയോ ഇരട്ടി നെല്ല് അത് ചവിട്ടിയരച്ചു കളഞ്ഞിട്ടുണ്ടാവും എന്നാണ്. ഇവിടെ ആന ഗവണ്മെന്റാണെങ്കില് ആനയുടെ ചോറ് ‘ടാക്സേഷന്‍’ അഥവാ ‘നികുതി’യാണ്. ഗവണ്മെന്റിന് ആവശ്യമായ അല്ലെങ്കില്‍ അര്‍ഹമായ നികുതി മാത്രം മതി. അതിന് ആരെയും ഉപദ്രവിക്കാനോ സംരംഭങ്ങള്‍ തകര്‍ക്കുവാനോ ഗവണ്മെന്റിന് ഉദ്ദേശമില്ല എന്നാണ് മന്ത്രി ഇതിലൂടെ പറയാതെ പറഞ്ഞതെന്ന് വ്യക്തം.
Post Your Comments