ന്യൂഡല്‍ഹി : രാജ്യത്തെ പെന്ഷന് പ്രായം ഉയര്‍ത്തണമെന്നു സാമ്പത്തിക സര്‍വേ. ഇത് എത്ര വയസ്സാക്കണമെന്നു നിര്‍ദേശിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരില്‍ ഇപ്പോള്‍ 60 ആണ് പെന്ഷന് പ്രായം; വിവിധ സംസ്ഥാനങ്ങളില്‍ 55 മുതല്‍ 60 വരെയും. കേരളത്തിലിത് 56 ആണ് (പങ്കാളിത്ത പെന്ഷന് പദ്ധതിയിലുള്ളവര്‍ക്ക് 60).
ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നതനുസരിച്ച് പല രാജ്യങ്ങളും പെന്ഷന് പ്രായം 65 മുതല്‍ 70 വരെയായി ഉയര്‍ത്തിയതോ ഉയര്‍ത്താന്‍ പോകുന്നതോ ആയ ഉദാഹരണങ്ങള്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. കാനഡയില്‍ വിരമിക്കല്‍ പ്രായം 65 ആണ്. ജര്‍മനിയില്‍ 2023ല്‍ 66 വയസ്സും 2029ല്‍ 69 വയസ്സുമാക്കും. ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം 66 ആക്കും. യുഎസില്‍ 67 ആക്കുന്നു. ഓസ്ട്രേലിയയില്‍ 2023ല്‍ 67 ആക്കും.
ചൈനയില്‍ 2045 ആകുമ്പോഴേക്കും വിരമിക്കല്‍ പ്രായം 65 ആകും. ജപ്പാനില്‍ 70 ആണ് ആലോചനയില്‍ സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം ഇനിയും കൂടുമെന്നും ഇതനുസരിച്ച് പെന്ഷന് പ്രായം കൂട്ടിയേ തീരൂ എന്നും സാമ്പത്തിക സര്‍വേ പറയുന്നു. ഇക്കാര്യം 10 വര്‍ഷമെങ്കിലും മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതാണ് ജീവനക്കാര്‍ക്കു തയാറെടുക്കാനും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ആനുപാതികമായി നിശ്ചയിക്കാനും അഭികാമ്യം.
അതേസമയം 2019-20 സാമ്പത്തികവര്‍ഷം ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ചയാണു ലക്ഷ്യമിടുന്നതെന്ന് സര്‍വേ പറയുന്നു. ഇന്ധനവിലയില്‍ കുറവ് വരുമെന്ന് പ്രതീക്ഷ കൂടതെ പൊതുധനകമ്മി: 2018ല്‍ 6.4 ശതമാനമായിരുന്നത് 2019ല്‍ 5.8 ശതമാനമായി കുറഞ്ഞു. ജിഡിപി 7% ആയി ഉയര്‍ത്തുമെന്നും പറയുന്നു. അതേസമയം നിര്‍മലാ സീതാരാമന് അവതരിപ്പിക്കാന്‍ പോകുന്ന ആദ്യ ബജറ്റില്‍ വന്‍ പ്രതീക്ഷയാണുള്ളത്. നികുതിയിളവ് പരിധി ഉയര്‍ത്തുമെന്ന പ്രതീക്ഷയോടെയാണ് രാജ്യത്തെ മധ്യവര്‍ഗം പൊതുബജറ്റിനെ കാത്തിരിക്കുന്നത്.
Post Your Comments