ദില്ലി: പശ്ചിമ ബംഗാളിന്റെ പേര് ‘ബംഗ്ലാ’ എന്നാക്കി മാറ്റുന്നത് ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്രം രാജ്യസഭയെ അറിയിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം, മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. പശ്ചിമ ബംഗാളിന് ‘ബംഗ്ലാ’ എന്ന പേര് കേന്ദ്രം നല്‍കാനുള്ള നടപടികള്‍ എന്തായെന്ന ബംഗാള്‍ എംപി റിതബ്രത ബാനര്‍ജിയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലം നല്‍കിയ മറുപടിയിലാണ് സംഭവവികാസം.
”ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്, പ്രസക്തമായ എല്ലാ ഘടകങ്ങളും കണക്കിലെടുത്താണ് ഇത് ചെയ്യുന്നത്,” റായ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പശ്ചിമ ബംഗാള്‍ നിയമസഭ സംസ്ഥാനത്തിന്റെ പേര് ”ബംഗ്ലാ” എന്ന് മാറ്റാനുള്ള പ്രമേയം പാസാക്കി. പ്രമേയത്തെ കോണ്‍ഗ്രസും ഇടതുപക്ഷവും പിന്തുണച്ചിരുന്നു.
എന്നാല്‍, പശ്ചിമ ബംഗാളിന്റെ ചരിത്രത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമായാണ് ബിജെപി ഈ നീക്കത്തെ കണ്ടത്.
2016 ഓഗസ്റ്റില്‍ ടിഎംസിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബംഗാളിയില്‍ ”ബംഗ്ലാ”, ഇംഗ്ലീഷില്‍ ”ബംഗാള്‍”, ഹിന്ദിയില്‍ ”ബംഗാള്‍” എന്നിങ്ങനെ മൂന്ന് പേരുകള്‍ നിര്‍ദ്ദേശിച്ച് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം കേന്ദ്രം നിരസിച്ചു.
പശ്ചിമ ബംഗാളില്‍ നിന്നുള്ള മന്ത്രിമാരും മുതിര്‍ന്ന ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരും ദില്ലിയില്‍ നടക്കുന്ന ഉന്നതതല യോഗങ്ങളില്‍ തങ്ങളുടെ പേരുകള്‍ സംസ്ഥാനങ്ങളുടെ പേരുകള്‍ അനുസരിച്ച് അക്ഷരമാലാ ക്രമത്തില്‍ ഏറ്റവും അവസാനമാണ് വിളിക്കപ്പെടുന്നതെന്ന് നിരവധി തവണ പരാതി ഉയര്‍ത്തിയിരുന്നു. പേരില്‍ മാറ്റം വന്നാല്‍ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം എന്നിവയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ പേര് നാലാം സ്ഥാനത്ത് എത്തും.
Post Your Comments