KeralaLatest News

തേങ്ങയിടാന്‍ ആളില്ലേ… ഈ ആപ്പില്‍ വിളിക്കൂ; പുതിയ പദ്ധതിയുമായി കയര്‍ബോര്‍ഡ്

ആലപ്പുഴ: തേങ്ങയിടാന്‍ ഇനി ആളെതേടി നടക്കേണ്ട. അമിത കൂലിയും നല്‍കേണ്ട. മൊബൈല്‍ ആപ്പില്‍ അറിയിച്ചാല്‍ ഇനി ആളെത്തി തേങ്ങയിടും. തേങ്ങ ന്യായമായ വില നല്‍കി കൊണ്ടുപോവുകയും ചെയ്യും. കയര്‍ ഡയറക്ട്രേറ്റിന്റെ നേതൃത്വത്തില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ സാങ്കേതിക സഹായത്തോടെ ആപ് ഒരുങ്ങുന്നത്. പദ്ധതിയുടെ ആദ്യഘട്ടം ഒരു മാസത്തിനകം ആലപ്പുഴയില്‍ തുടങ്ങുമെന്നാണ് സൂചന.

കയര്‍ മേഖലയില്‍ നേരിടുന്ന ചകിരി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്താവിന് ന്യായവില നല്‍കി നാളികേരം സഹകരണ സംഘങ്ങള്‍ക്ക് കൈമാറും. തൊണ്ട് കയര്‍ ഫെഡിന്റെ നേതൃത്വത്തില്‍ സംഭരിച്ച് സംഘങ്ങള്‍ക്ക് നല്‍കും. ഹരിതസേന പോലുള്ള സംഘങ്ങള്‍ രൂപീകരിച്ച് തേങ്ങയിടാന്‍ പ്രത്യേക പരിശീലനവും നല്‍കും.

പുരയിടം ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാകുന്ന രീതിയിലാണ് ആപ് രൂപകല്‍പ്പന ചെയ്യുന്നത്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ കൃത്യമായ ഇടവേളകളിലെത്തി തേങ്ങ ഇടുന്ന വിധത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. ചകിരി ക്ഷാമം മൂലം കയര്‍ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍ നിന്നും പരമാവധി തൊണ്ട് ശേഖരിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ ആവശ്യമായ ചകിരി നൂലിന്റെ 20 ശതമാനത്തില്‍ മാത്രമാണ് കേരളത്തില്‍ നിന്നും സംഭരിക്കാന്‍ കഴിയുന്നത്. ബാക്കി 80 ശതമാനം ചകിരിയും തമിഴ്‌നാട്ടില്‍ നിന്നാണ് എത്തുന്നത്. ഇതിനാല്‍ തന്നെ തമിഴ്‌നാടെടുക്കുന്ന നിലപാടുകളാണ് കയറിന്റെ വില നിശ്ചയിക്കുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button