മാഡ്രിഡ്: സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, താരത്തിന്റെ തിരിച്ചുവരവിനെ എതിര്‍ത്തിരുന്ന വൈസ് പ്രസിഡണ്ട് യോര്‍ദി മെസ്ത്രെ രാജിവെച്ചു. 2010 മുതല്‍ ബാഴ്സ ബി ടീം, വനിതാ ടീം, ട്രെയിനിങ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മെസ്ത്രെ, ബര്‍തമ്യു പ്രസിഡണ്ടായതിനു പിന്നാലെയാണ് പുതിയ പദവിയിലെത്തിയത്. ഹോട്ടല്‍ ബിസിനസ് രംഗത്തെ പരിചയസമ്പന്നനായ അദ്ദേഹം ബാഴ്സയുടെ ട്രാന്‍സ്ഫര്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇടപെട്ടിരുന്നു. 2017-ല്‍ നെയ്മര്‍ ക്ലബ്ബ് വിട്ട രീതിയില്‍ അദ്ദേഹം അതൃപ്തനുമായിരുന്നു.
Barcelona's vice president Jordi Mestre has resigned. [md] pic.twitter.com/XJvwOiB4aU
— barcacentre (@barcacentre) July 3, 2019
പി.എസ്.ജിയില്‍ മനംമടുത്ത നെയ്മര്‍ ബാഴ്സയിലേക്ക് തിരികെ വരുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മെസ്ത്രെ തള്ളിയിരുന്നു. ബ്രസീലിയന്‍ താരത്തിനു വേണ്ടി വന്‍തുക ചെലവഴിക്കാന്‍ ക്ലബ്ബിനു കഴിയില്ലെന്നും മര്യാദയില്ലാതെ വിട്ടുപോയ താരത്തെ തിരിച്ചെടുക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്ലബ്ബ് പ്രസിഡണ്ട് യോസപ് മരിയ ബര്‍തമ്യൂവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് 2014 മുതല്‍ വഹിച്ചുപോന്ന സ്പോര്‍ട്ടിങ് വൈസ് പ്രസിഡണ്ട് പദവി അദ്ദേഹം ഉപേക്ഷിച്ചത്. ലയണല്‍ മെസ്സിയടക്കമുള്ള സീനിയര്‍ താരങ്ങളും കോച്ച് ഏണസ്റ്റോ വല്‍വെര്‍ദെയും നെയ്മറിന്റെ തിരിച്ചുവരവിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം, 222 ദശലക്ഷം യൂറോ വിലയുള്ള താരത്തിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് പി.എസ്.ജി ഇതുവരെ ഒന്നും വിട്ടുപറഞ്ഞിട്ടില്ല.
Post Your Comments