വീട്ടുകാര്യങ്ങളില്‍ ശ്രദ്ധയില്ലാതെ ടിക് ടോക്കും നോക്കിയിരുന്ന യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു, ടിക് ടോക് ഉപയോഗം ഭര്‍ത്താവ് വിലക്കിയപ്പോള്‍ ഭാര്യ ആത്മഹത്യ ചെയ്തു, ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ കൗമാരക്കാരന് വെടിയേറ്റു, വീഡിയോ ചിത്രീകരണത്തിനിടെ കഴുത്തില്‍ കുരുക്കുമുറുകി വിദ്യാര്‍ത്ഥി മരിച്ചു, ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ പുഴയില്‍ ചാടിയ യുവാക്കളെ കാണാതായി…ഇത്തരത്തില്‍ ദിവസവും ഏതെങ്കിലും തരത്തില്‍ ടിക് ടോക്കുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് അവരുടെ മുന്നില്‍ അവതരിച്ച ദൈവമാണ് ടിക് ടോക്. ഫലമോ ജീവിതത്തില്‍ പ്രത്യേകിച്ചൊരു പ്രയോജനവുമില്ലാതെ ആരോഗ്യവും ആയുസും ഒടുങ്ങുന്നു എന്നത് മാത്രം. എന്നിട്ടും ഈ ചൈനീസ് കമ്പനി ഇന്ത്യന്‍ മണ്ണില്‍ തഴച്ചു വളരുകയാണ്. ഇന്റര്‍നെറ്റ് നിരോധനത്തിന്റെ പേരില്‍ യുപിഎ സര്‍ക്കാരിന് ശക്തമായ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. അതിന് ശേഷം അധികാരത്തിലെത്തിയ മോദി സര്‍ക്കാരിനും ഉള്ളടക്ക നിയന്ത്രണത്തിന് അതത് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കാനായതിന് അപ്പുറം കാര്യക്ഷമമായി ഇന്റര്‍നെറ്റ് ലോകത്ത് ഇടപെടാന്‍ കഴിഞ്ഞിട്ടില്ല.
രാജ്യത്തെ ഡിജിറ്റല്‍ ലോകം നിയന്ത്രിക്കാന്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളും വിദഗ്ധരും ആയാസപ്പെടുമ്പോഴാണ് ഇന്ത്യന്‍ ജനതയെ കീഴ്‌പ്പെടുത്തിയ ഫേസ് ബുക്കിനെയും മറികടന്ന് ടിക് ടോക് ഇവിടെ ആധിപത്യം ഉറപ്പിക്കുന്നത്. ഇന്ത്യന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ് കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു ഈ മൊബൈല്‍ ആപ്പ്. ചൈനീസ് ഹ്രസ്വ വീഡിയോ നിര്‍മ്മാണ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഇന്ത്യന്‍ വിപണിയില്‍ അസാധാരണമായ ഉപയോഗമാണ് രേഖപ്പെടുത്തുന്നത്. ചെറിയ നഗരങ്ങളിലെ ഉപയോക്താക്കളിലേക്ക് എത്തിച്ചേരാന്‍ മാര്‍ക്കറ്റിന് അവസരം നല്‍കിയാണ് രാജ്യത്ത് ടിക് ടോക്കിന്റെ ഉപയോഗം കുത്തനെ കൂടുന്നത്. ഫേസ്ബുക്കിനെ കടത്തിവെട്ടിയാണ് ടിക്ക് ടോക്കിന്റെ ജൈത്രയാത്ര. ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍ പ്രകാരം ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണത്തേക്കാള്‍ അധികമാണ്.
2016 ല്‍ പുറത്തിറങ്ങി ചുരുങ്ങിയ കാലം കൊണ്ട് നേട്ടം കൊയ്ത ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഫേസ്ബുക്കായിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഫേസ്ബുക്കല്ല മറിച്ച് ടിക് ടോക്കാണ്. 1.88 കോടി പേരാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത്. ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തതാകട്ടെ 1.76 കോടി പേരും. ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തതില്‍ 41 ശതമാനം നമ്മുടെ രാജ്യത്ത് നിന്നുതന്നെയാണ്. അതേസമയം ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തതില്‍ 21 ശതമാനം ഇന്ത്യയില്‍ നിന്നാണ്. ഫേസ്ബുക്കിന്റേത് പോലെ ടിക് ടോക്കിന് വെബ് പതിപ്പില്ലാത്തത് ടിക് ടോക്കിന് ഗുണകരമാകുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. വെബ് പതിപ്പില്ലാത്തത് ടിക് ടോക്ക് ഡൗണ്‍ലോഡിന്റെ എണ്ണം വര്‍ധിക്കുന്നതിന് ഒരു കാരണമാകുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
ട്വിറ്റര്‍ ഉടമസ്ഥതയിലുള്ള വൈന്‍, ചൈന ആസ്ഥാനമായുള്ള കുയിഷ എന്നിവര്‍ സമീപകാലത്ത് ഹ്രസ്വ വീഡിയോകള്‍ അവസാനിപ്പിച്ചതിന് ശേഷമാണ് വീണ്ടും ഇത്തരത്തിലുള്ള വീഡിയോകള്‍ ടിക് ടോക് വഴി ശ്രദ്ധ നേടുന്നത്. ഇന്ത്യയില്‍, മെട്രോയിലും ചെറിയ നഗരങ്ങളിലും താമസിക്കുന്ന ചെറുപ്പക്കാരായ ഉപയോക്താക്കളാണ് അധികവും ടിക്ക് ടോക്ക് ഉപയോഗിക്കുന്നത്. ഇത് വിപണനക്കാര്‍ക്ക് കടന്നു ചെല്ലാന്‍ എളുപ്പമല്ലാത്ത ഉപയോക്താക്കളിലേക്ക് പെട്ടെന്നെത്താനുള്ള വേദികൂടിയാണ് ഒരുക്കുന്നത്. 2018- 2018 ലെ 2.1 ബില്യണ്‍ ഡോളറില്‍ നിന്ന് ഹ്രസ്വ വീഡിയോ പരസ്യ ചെലവ് 2020 ല്‍ 6.5 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കരുതുന്നത്. ചൈനീസ് ഇതര ഉപഭോക്താക്കളില്‍ ടിക്ക് ടോക്കിന്റെ വിജയത്തിന് ഒരു കാരണം ഉള്ളടക്കത്തിലും സാംസ്‌കാരിക വീക്ഷണത്തിലും നിന്ന് ആഭ്യന്തര വിപണികളുമായി പൊരുത്തപ്പെടാനുള്ള കഴിവാണ്. ഓരോ രാജ്യത്തും, ടിക് ടോക്കിന് സ്വന്തമായി ഒരു പ്രാദേശിക ടീം ഉണ്ട്, അത് യുവ ജനസംഖ്യാനിരക്കനുസരിച്ച് പ്രത്യേകമായി ഉള്ളടക്കം ആസൂത്രണം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇന്ത്യന്‍ മണ്ണില്‍ നിന്ന് കെട്ടുകെട്ടേണ്ട ടിക് ടോക് നിയമസഹായത്തോടെ തന്നെ ഇവിടെ തുടരുന്നു എന്നു മാത്രമല്ല ദിനംപ്രതി കുതിച്ചുയരുന്ന ഉപയോക്താക്കളെ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും ഹ്രസ്വ വീഡിയോയെക്കുറിച്ചുള്ള മൊത്തത്തിലുള്ള വികാരം വളരെ പോസിറ്റീവ് ആണെങ്കിലും, ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളുടെ ഭാവി പ്രവചിക്കാനാകില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ ടിക് ടോക് മടുത്ത ജനം മറ്റെന്തിലേക്കെങ്കിലും തിരിയുമായിരിക്കും. പക്ഷേ ആ കാലയളവില്‍ ഈ ഡിജിറ്റല്‍ കമ്പനി ഇന്ത്യന്‍ യുവതയെ എങ്ങനെ സ്വാധീനിക്കും എന്നതുകൂടി ചര്‍ച്ച ചെയ്യപ്പെടണം. പ്രത്യേകിച്ച് ലക്ഷ്യബോധമോ പ്രയത്‌ന ശീലമോ ഇല്ലാത്ത ഒരു ജനതയായി നമ്മുടെ യുവത്വം അധ:പതിക്കുന്നുണ്ടെങ്കില്‍ അതിന് പ്രധാനകാരണം ഇത്തരത്തിലുള്ള ഡിജിറ്റല്‍ ലോകം തന്നെയാണ്. ലഹകി പദാര്‍ത്ഥങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുന്നതുപോലെ അധികം താമസിയാതെ ടിക് ടോക് ബാധ കയറിയവരെ രക്ഷപ്പെടുത്താനുള്ള ബോധവത്കരണം രാജ്യത്ത് തുടങ്ങേണ്ടി വന്നേക്കും.
Post Your Comments