ട്രിപ്പോളി : ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിക്കു സമീപം കുടിയേറ്റക്കാരുടെ താമസ കേന്ദ്രത്തിനു നേരെ ചൊവ്വാഴ്ച ഉണ്ടായ വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 80 ലേറെപേര്‍ക്കു പരുക്കേറ്റു. ട്രിപ്പോളിയിലെ തജൗറ തടവുകേന്ദ്രത്തിനുനേരെയാണ് ആക്രമണമുണ്ടായത്. 600-ലേറെ ആളുകളെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്.
വിമത നേതാവ് ഖലീഫ ഹിഫ്‌തെര്‍ നേതൃത്വം നല്‍കുന്ന ലിബിയന്‍ നാഷനല്‍ ആര്‍മിയാണ് (എല്‍എന്‍എ) ആക്രമണത്തിനു പിന്നിലെന്ന് ലിബിയ ആരോപിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയുള്ള ലിബിയന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന സൈന്യവും ലിബിയന്‍ നാഷനല്‍ ആര്‍മിയും തമ്മില്‍ ട്രിപ്പോളിയുടെ നിയന്ത്രണത്തിനായി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് വ്യോമാക്രമണം.
തടവുകേന്ദ്രത്തിന് സമീപത്തുള്ള സര്‍ക്കാര്‍ ക്യാമ്പിലാണ് തങ്ങള്‍ വ്യോമാക്രമണം നടത്തിയതെന്നും ഇതിന് മറുപടിയായി ജി.എന്‍.എ. സൈന്യം നടത്തിയ ആക്രമണത്തിലാണ് തടവുകേന്ദ്രം തകര്‍ന്നതെന്നും എല്‍.എന്‍.എ. പറയുന്നു. ജി.എന്‍.എ. സര്‍ക്കാരില്‍നിന്ന് ട്രിപ്പോളി പിടിച്ചെടുക്കാന്‍ എല്‍.എന്‍.എ. മാസങ്ങളായി ശ്രമിച്ചുവരുകയാണ്. രാജ്യത്തിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങള്‍ എല്‍.എന്‍.എ.യുടെ നിയന്ത്രണത്തിലാണ്. ‘പരമ്പരാഗത യുദ്ധരീതിയില്‍’ നിന്നുമാറി കടുത്ത വ്യോമാക്രമണങ്ങള്‍ ട്രിപ്പോളിയില്‍ നടത്തുമെന്ന് എല്‍.എന്‍.എ. തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
പട്ടിണിയും യുദ്ധവും മൂലം നട്ടം തിരിയുന്ന ആഫ്രിക്കന്‍ വംശജര്‍ അനധികൃതമായി ഇറ്റലിയിലേക്കു കുടിയേറാനായി ലിബിയയില്‍ നിന്നാണു സാധാരണ ബോട്ടുകയറുന്നത്. യൂറോപ്യന്‍ യൂണിയന്റെ പിന്തുണയോടെ ലിബിയയിലെ തീരദേശ സേന ഇവരെ പിടികൂടി ഇത്തരം പുനരധിവാസ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയാണു പതിവ്.
6000 അനധികൃത കുടിയേറ്റക്കാര്‍ ലിബിയയിലെ വിവിധ പുനരധിവാസ കേന്ദ്രങ്ങളിലുണ്ടെന്നും ഇവര്‍ക്കു ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ലെന്നുമാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. ലിബിയന്‍ ഏകാധിപതിയായിരുന്ന മുഅമര്‍ ഗദ്ദാഫി 2011-ല്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യം രാഷ്ട്രീയ അസ്ഥിരതയിലാണ്.
Post Your Comments