KeralaLatest News

പ്രശസ്ത ഫോറൻസിക് വിദഗ്ധൻ ഡോക്ടർ ഉമാദത്തൻ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത ഫോറൻസിക് വിദഗ്ധനും മെഡിക്കൽ വിദ്യാഭ്യാസ മുൻ ഡയറക്ടറുമായിരുന്ന ഡോക്ടർ ബി.ഉമാദത്തൻ ( 73 ) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്ന് രാവിലെയായിരുന്നു അന്ത്യം. കുറച്ചു നാളായി ചികിൽസയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് തിരുവനന്തപുരം കരിക്കകത്തെ വസതിയിൽ.

കേരളത്തിൽ നടന്ന പല പ്രമുഖ കേസുകളിലും തെളിയിക്കാൻ ഇദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്.1946 മാർച്ച് 12ന് സംസ്കൃത പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന പ്രഫ. കെ. ബാലരാമപ്പണിക്കരുടെയും പവർകോട് ജി. വിമലയുടെയും മകനായാണ് ഉമാദത്തൻ ജനിച്ചത്. തിരുവനന്തപുരം മെഡിക്കൽകോളേജിൽ നിന്നും എംബിബിഎസും എംഡിയും പാസായി. 1969ൽ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മെഡിക്കൽ കോളേജുകളിൽ പ്രഫസറും വകുപ്പ് തലവനും പോലീസ് സർജനുമായിരുന്നു. ഗവ മെഡിക്കോ ലീഗൽ എക്സ്പെർട്ട് ആൻഡ് കൺസൾട്ടന്റ്, കേരള പൊലീസിന്റെ മെഡിക്കോ ലീഗൽ ഉപദേശകൻ, ലിബിയ സർക്കാരിന്റെ മെഡിക്കോ ലീഗൽ കൺസൾട്ടന്റ് തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിച്ചു.

1995ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായി .സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പദവിയിൽ നിന്നും 2001ൽ റിട്ടയർ ചെയ്തു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ മെഡിക്കൽ കോളേജിൽ ഫൊറൻസിക് മെഡിസിൻ പ്രഫസറും വകുപ്പ് തലവനുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പൊലീസ്‌ സർജന്റെ  ഓർമ്മകുറിപ്പുകൾ, ക്രൈം കേരളം, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്‌ത്രം തുടങ്ങി നിരവധി ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധമായ ഗ്രന്ഥങ്ങളും രചിച്ചു.

shortlink

Related Articles

Post Your Comments


Back to top button