ലണ്ടൻ: ക്രിക്കറ്റ് ലോകകപ്പിന്റെ ആരവങ്ങൾക്കിടെ ഇംഗ്ലണ്ടിൽ ടെന്നിസ് ആവേശവും. ഗ്രാൻസ്ലാം ടൂർണമെന്റുകളിലെ പാരമ്പര്യ ചാംപ്യൻഷിപ്പായ വിമ്പിൾഡന് ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബിൽ ഇന്നു തുടക്കം.
ആദ്യദിനം നൊവാക് ജോക്കോവിച്ച്, സ്റ്റാൻ വാവ്റിങ്ക, സിമോണ ഹാലെപ്, കരോളിൻ പ്ലിസ്കോവ തുടങ്ങിയവർക്കു മത്സരമുണ്ട്. 21–ാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ട് റോജർ ഫെഡററും 19–ാം ഗ്രാൻസ്ലാം കിരീടം തേടി റാഫേൽ നദാലും നാളെ ഇറങ്ങും. വിമ്പിൾഡനിലെ ഒൻപതാം കിരീടം നേടാനുള്ള തയാറെടുപ്പുകൾക്കിടെ ഫെഡറർ നദാലിനെയും ജോക്കോവിച്ചിനെയും പ്രശംസിച്ച് മനസ്സു തുറക്കുകയും ചെയ്തു. ‘ഞാൻ ഇന്നു കാണുന്ന നേട്ടങ്ങളിലെത്തിയത് നദാലും ജോക്കോവിച്ചും കാരണമാണ്. ഒരേ കാലഘട്ടത്തിൽ ഒന്നിച്ചു മികച്ച കരിയർ പടുത്തുയർത്താമെന്നു ഞങ്ങൾ തെളിയിച്ചു. തമ്മിലുള്ള മൽസരങ്ങൾ കാരണം മൂവർക്കും കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കേണ്ടി വന്നു എന്നതാണ് യാഥാർഥ്യം. പുൽകോർട്ടുകളിൽ നദാലിനും ഹാർഡ് കോർട്ടുകളിൽ ജോക്കോവിച്ചിനും കളിമൺ കോർട്ടുകളിൽ എനിക്കും പ്രകടനം മെച്ചപ്പെടുത്തേണ്ടി വന്നു,’–ഫെഡറർ പറഞ്ഞു.
ഫെഡറർ ആദ്യ കിരീടം നേടിയ 2003 വിമ്പിൾഡൻ മുതൽ ഇന്നുവരെ നടന്ന 64 ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ 53 എണ്ണവും നേടിയത് ഫെഡറർ നദാൽ ജോക്കോവിച്ച് ത്രയങ്ങളാണ്. വിമ്പിൾഡൻ കിരീടം നേടുകയാണെങ്കിൽ ഗ്രാൻസ്ലാം നേടുന്ന പ്രായം കൂടിയ താരമാകും മുപ്പത്തിയെട്ടുകാരനായ ഫെഡറർ.
Post Your Comments