കൊച്ചി: പ്രണയത്തിന് ഇന്ന് അതിന്റെ ആര്‍ദ്രത നഷ്ടപ്പെട്ടിരിക്കുന്നു. പ്രണയമിന്ന് അവിശ്വാസത്തിന്റെയും, പരസ്പരമുള്ള വഴക്കുകളുടെയും പകപോക്കലുകളുടെയും വേദിയായി മാറിക്കൊണ്ടിരിക്കുന്നു. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കൊലപാതകങ്ങളും ആക്രമണങ്ങളും പതിവാകുന്ന സമയത്ത് പ്രണയിക്കേണ്ടവര്‍ കര്‍ശനമായും ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയാണ് പ്രമുഖ മനോരോഗ വിദഗ്ധന്‍ സി ജെ ജോണ്‍. പ്രണയാതിക്രമങ്ങള്‍ തടയാന്‍ പുലര്‍ത്തേണ്ട ജാഗ്രതകളെക്കുറിച്ചുള്ളതാണ് അദ്ദേഹത്തിന്റെ ഈ പത്ത് നിര്‍ദേശങ്ങള്‍.
പ്രണയിക്കുന്നവര്‍ ഒരു പക്വമായ ബന്ധത്തിലാണോ ഉള്ളതെന്ന് തിരിച്ചറിയാനും അല്ലെങ്കില്‍ നയപരമായി ആ ബന്ധത്തില്‍ നിന്നും പിന്‍വാങ്ങുവാനും ആവശ്യമായ നിര്‍ദേശങ്ങളാണ് സി ജെ ജോണ്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദമാക്കുന്നത്. കുത്തിനും കത്തിക്കലിനും ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കാമെന്ന കുറിപ്പോടെയാണ് ഈ നിര്‍ദേശങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
1. എന്റെ ഇഷ്ടത്തിനനുസരിച്ചു മാത്രം പെരുമാറിയാല്‍ മതിയെന്ന വാശി കാണിക്കുന്നത് അപായ സൂചനയാണ്. അനുസരിക്കാതെ വരുമ്പോള്‍ ഭീഷണികളും വൈകാരിക ബ്ലാക്ക് മെയ്ലിങ്ങുകളുമൊക്കെ പുറത്തെടുക്കുന്നത് ചുവന്ന സിഗ്‌നലാണ്.
2. എവിടെ പോകണം, ആരോട് മിണ്ടണം, ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ തുടങ്ങുന്നത് ഒരു മുന്നറിയിപ്പാണ്.
3. ഫോണില്‍ കാള്‍ ലിസ്റ്റ് പരിശോധിക്കല്‍, മെസ്സേജ് നോക്കല്‍, സോഷ്യല്‍ മീഡിയയില്‍ എന്ത് ചെയ്യുന്നുവെന്ന തിരച്ചില്‍ ഇവയൊക്കെ ഇരുത്തമില്ലാത്ത പ്രണയ ലക്ഷണങ്ങളാണ്.
4. ഫോണ്‍ എന്‍ഗേജ്ഡ് ആകുമ്പോഴും, എടുക്കാന്‍ താമസിക്കുമ്പോഴും കലഹം കൂട്ടുന്നതും സീനാക്കുന്നതും കുഴപ്പത്തിന്റെ ലക്ഷണമാണ്.
5. നിനക്ക് ഞാനില്ലേയെന്ന മധുര വര്‍ത്തമാനം ചൊല്ലി മറ്റെല്ലാ സാമൂഹിക ബന്ധങ്ങളെയും പരിമിതപ്പെടുത്താന്‍ നോക്കുന്നത് നീരാളിപ്പിടുത്തതിന്റെ തുടക്കമാകാം.
6. ചൊല്ലിലും ചെയ്തിയിലും വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ നിരന്തരം ഇടപെടുന്നതായി തോന്നുന്നുവെങ്കില്‍ ജാഗ്രത പാലിക്കണം.
7. നേരവും കാലവും നോക്കാതെ ശല്യപ്പെടുത്തുന്ന വിധത്തില്‍ വിളിക്കുകയും മെസ്സേജ് അയക്കുകയും, ഇപ്പോള്‍ തിരക്കാണെന്നു പറയുമ്പോള്‍ കോപിക്കുകയും ചെയ്യുന്ന ശൈലികള്‍ ഉണ്ടാകുമ്പോള്‍ സൂക്ഷിക്കണം .
8. നീ എന്നെ വിട്ടാല്‍ ചത്ത് കളയുമെന്നോ, നിന്നെ കൊന്നു കളയുമെന്നോ ഒക്കെയുള്ള പറച്ചില്‍ ഗുരുതരാവസ്ഥയിലേക്കുള്ള പോക്കാണ്. ശരീര ഭാഗങ്ങള്‍ മുറിച്ചു പടം അയച്ചു വിരട്ടുന്നത് ദുരന്ത സൂചനയാണ്.
9. പ്രണയ ഭാവത്തിന്റെ കൊടുമുടിയിലേക്ക് പൊക്കി കയറ്റുകയും, നിസ്സാരകാര്യങ്ങളില്‍ നിയന്ത്രണം വിട്ട് കോപിച്ചു ആശയക്കുഴപ്പം ഉണ്ടാക്കുകയും, പിന്നെ സോറി സോറിയെന്ന് വിലപിക്കുകയും ചെയ്യുന്നവരെ വിശ്വസിക്കാന്‍ പാടില്ല .
10. മറ്റാരെങ്കിലുമായി അടുത്ത് ഇടപഴകിയാല്‍ അസൂയ, വൈകാരികമായി തളര്‍ത്തല്‍, സംശയിക്കല്‍ തുടങ്ങിയ പ്രതികരണങ്ങള്‍ പേടിയോടെ തന്നെ കാണണം.
ഈ പത്തു സൂചനകളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ സമാധാനപൂര്‍ണമായ പ്രണയം അസാധ്യമാണ്. ഈ പ്രണയ വണ്ടിയില്‍ നിന്നും ഇറങ്ങുന്നതാണ് ബുദ്ധിയാണെന്നാണ് സി ജെ ജോണ്‍ വിശദമാക്കുന്നത്.
Post Your Comments