മുംബൈ: മുംബൈയില്‍ കനത്ത മഴയും പ്രളയവും തുടരുന്നു. പ്രളയത്തെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയ സുഹൃത്തുക്കള്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. നോര്‍ത്ത് മുംബൈ സബര്‍ബിലെ അണ്ടര്‍പാസില്‍ കുടുങ്ങിയ കാറിനുള്ളിലിരുന്ന ഇര്‍ഫാന്‍ ഖാന്‍ (37), ഗുല്‍ഷാദ് ഷെയ്ഖ് (38) എന്നിവരാണ് വെള്ളത്തിനടിൽ ശ്വാസം കിട്ടാതെ മരിച്ചത്. സ്‌കോര്‍പിയോ കാറിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. എഞ്ചിനില്‍ വെള്ളം കയറിയതോടെ വണ്ടി ഓഫാകുകയും ഓട്ടോമാറ്റിക് ഡോറുകള്‍ ജാമായി ഇരുവരും അകത്ത് കുടുങ്ങുകയുമായിരുന്നു. തിങ്കളാഴ്ച രാത്രി ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും.
അണ്ടര്‍പാസിലെ വെള്ളത്തിന്റെ അളവ് മനസിലാക്കാന്‍ സാധിക്കാതെ കാറോടിച്ച് ഇറക്കുകയും കാറിനുള്ളിലേക്ക് വെള്ളം കയറി ഇരുവരും മരിക്കുകയുമായിരുന്നു.റെക്കോര്‍ഡ് മഴയാണ് മുംബൈയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. നഗരത്തിലെ വിവിധ ഇടങ്ങളിലായി 19 പേര്‍ കൂടി മരിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടും റെയില്‍വേ ട്രാക്കുകളും വെള്ളത്തിനടിയിലാണ്. ഇതേതുടര്‍ന്ന് വിമാന-ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
കഴിഞ്ഞ ദിവസം സ്‌പൈസ് ജെറ്റ് വിമാനം ലാന്‍ഡിംഗിനിടെ തെന്നിയതിനെ തുടര്‍ന്ന് മുംബൈ എയര്‍പോര്‍ട്ടിലെ പ്രധാന റണ്‍വേ അടച്ചു.2005ന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കലാണ് മുംബൈയില്‍ മഴ ലഭിച്ചുകൊണ്ടിരിക്കുന്നത്. മഴയെ തുടര്‍ന്ന് മുംബൈയിലും താനെയിലും മഹാരാഷ്ട്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments