![mamta banerjee photo morphing](/wp-content/uploads/2019/05/mamta-banerjee-photo-morphing.jpg)
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ട്രോൾ ഷെയർ ചെയ്തതിന് അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് പ്രിയങ്ക ശര്‍മ്മയുടെ മോചനം വൈകുന്നതില്‍ ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്നും കോടതിയലക്ഷ്യ നോട്ടീസ്. നോട്ടീസില്‍ നാല് ആഴ്ചയ്ക്കകം മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടു. പ്രിയങ്കയെ മോചിപ്പിക്കാന്‍ മേയില്‍ ഉത്തരവിട്ടിരുന്നുവെങ്കിലും ഇതുവരെ പാലിച്ചില്ല. പ്രിയങ്കയ്ക്ക് സുപ്രീം കോടതി നല്‍കിയ ജാമ്യം നടപ്പാക്കത്തത് ചോദ്യം ചെയ്താണ് വീണ്ടും ഹര്‍ജിയെത്തിയത്.
ന്യുയോര്‍ക്കിലെ എംഇടി മേളയില്‍ പ്രിയങ്ക ചോപ്ര എത്തുന്ന ചിത്രം മോര്‍ഫ് ചെയ്ത് മമത ബാനര്‍ജിയുടെ മുഖം ചേര്‍ത്താണ് പ്രിയങ്ക ശര്‍മ്മ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഐ.ടി ആക്ടും അപകീര്‍ത്തിപ്പെടുത്തലും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തി മേയ് 10നാണ് പ്രിയങ്കയെ പോലീസ് അറസ്റ്റു ചെയ്തത്. ഒരു പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലായിരുന്നു നടപടി. മേയ് 14നായിരുന്നു സുപ്രീം കോടതി ജാമ്യം നല്‍കാന്‍ നിര്‍ദേശിച്ചത്. ജാമ്യത്തില്‍പുറത്തിറങ്ങുന്ന സമയത്ത് മമതയ്‌ക്കെതിരായ പരിഹാസ പോസ്റ്റര്‍ പ്രചരിപ്പിച്ചത് മാപ്പപേക്ഷ എഴുതി നല്‍കണമെന്നും പ്രിയങ്കയോട് നിര്‍ദേശിച്ചിരുന്നു.
ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുമ്പോള്‍ അവസാനിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ മാപ്പുപറയാന്‍ പ്രിയങ്ക ശര്‍മ്മ തയ്യാറായില്ല. മാത്രമല്ല, ജയിലില്‍ തനിക്ക് പീഡനവും ശല്യപ്പെടുത്തലും നേരിടേണ്ടി വന്നിരുന്നുവെന്നും പ്രിയങ്ക പരാതി പ്പെട്ടിരുന്നു. പ്രിയങ്കയെ വിട്ടയക്കാത്ത ജയില്‍ സൂപ്രണ്ടിന്റെ നടപടി സുപ്രീം കോടതിയുടെ ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം കോടതിയെ സമീപിച്ചത്. പ്രിയങ്കയുടെ മോചനത്തിനായി സമൂഹ മാധ്യമങ്ങളില്‍ ഹാഷ്ഗാഡ് പ്രചാരണവും നടന്നിരുന്നു.
Post Your Comments