ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് നടത്തിയ കൂടികാഴ്ചയിലും അധ്യക്ഷ സ്ഥാനത്ത് തുടരില്ല എന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചു നിന്നു. ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും വികാരം കണക്കിലെടുത്ത് ഉചിതമായ തീരുമാനം രാഹുൽ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചക്ക് ശേഷം അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
മുഖ്യമന്ത്രിമാരായ കമൽ നാഥ്, അശോക് ഗെഹ്‌ലോട്ട്, ക്യാപ്റ്റൻ അമരീന്ദർ സിങ്, ഭൂപേഷ് ബാഗൽ, വി. നാരായണസ്വാമി എന്നിവരാണ് രണ്ടു മണിക്കൂറോളം രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയത്. രാജിവെച്ച തീരുമാനത്തിൽ രാഹുൽ ഉറച്ചു നിൽക്കുകയാണ്. മറ്റൊരാളെ ആ സ്ഥാനത്തേക്ക് പാർട്ടി ചിന്തിക്കുന്നു പോലും ഇല്ല. ഈ സാഹചര്യത്തിലായിരുന്നു രാഹുലിനെ അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രിമാരുടെ ശ്രമം.
രാഹുൽ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും സംഘടനാപരമായ എന്ത് തീരുമാനവും എടുക്കാൻ അധികാരമുണ്ടെന്നും അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയോട് പറഞ്ഞു. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് രാഹുൽ മുഖ്യമന്ത്രിമാരെ അറിയിച്ചു.
മുതിർന്ന നേതാക്കളും രാജിവെച്ചു സമ്പൂർണ പുനഃസംഘടനക്കുള്ള സാഹചര്യം ഒരുക്കണമെന്നാണ് രാജിവെച്ച നേതാക്കളുടെയും പ്രവർത്തകരുടെയും ആവശ്യം. രാഹുൽ രാജി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ എ.ഐ.സി.സി ക്ക് മുന്നിൽ ഏകദിന ഉപവാസ സമരം നടത്തി. രാഹുലിന് പിന്തുണ അറിയിച്ചു എഐസിസി പിന്നോക്ക വിഭാഗംചെയർമാൻ ഡോ.നിതിൻ റൗത്ത് രാജിവെച്ചു.
Post Your Comments