ചൈനയുടെ സഹ വാഹന നിര്‍മ്മാതാക്കളായ മോറിസ് ഗാരേജസ് ആദ്യ എസ്‌യുവിയായ ഹെക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലെത്തിയത്. കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ എത്തിയ വാഹനത്തിന് മികച്ച ബുക്കിംഗാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹെക്ടറിന്റെ വില കഴിഞ്ഞ ദിവസമാണ് കമ്പനി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഈ വാഹനത്തിന്റെ വില 12.18 ലക്ഷം മുതല്‍ 16.88 ലക്ഷം രൂപ വരെയാണ്. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്, ഷാര്‍പ് എന്നീ നാലു വേരിയന്റുകളിലാണ് വാഹനം പുറത്തിറങ്ങുന്നത്. വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ പതിനായിരത്തിലധികം ബുക്കിങ്ങുകള്‍ ഹെക്ടറിന് ലഭിച്ചുവെന്നും വില പ്രഖ്യാപനത്തിന് ശേഷം ബുക്കിംഗുകള്‍ കൂടി എന്നും വാഹന നിര്‍മ്മാതാക്കള്‍ പറയുന്നു. എന്നിരുന്നാലും വാഹനം ലഭിക്കാനായുള്ള കാത്തിരിപ്പ് എട്ടുമാസം വരെ നീളാന്‍ സാധ്യതയുണ്ട്. വെറും 23 ദിവസങ്ങള്‍ക്കുള്ളിലാണ് ഹെക്ടര്‍ ബുക്കിംഗില്‍ റെക്കോര്‍ഡുകള്‍ ഭേതിച്ചത്. പ്രീമിയം സെഗ്‌മെന്റുകളില്‍ പോലും ഇല്ലാത്ത ഫീച്ചറുകളും കുറഞ്ഞ വിലയുമാണ് ഹെക്ടറിനെ ജനപ്രിയമാക്കുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, 5 ലേബര്‍ ചാര്‍ജ് ഫ്രീ സര്‍വീസ്, 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവയും എംജി നല്‍കുന്നുണ്ട്.
ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്യുവിയായാണ് ഹെക്ടര്‍. 4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്. 2,750 mm ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ബൂട്ടുശേഷിയും ഹെക്ടര്‍ കൈയ്യടക്കും. 547 ലിറ്ററാണ് എസ്യുവിയുടെ ബൂട്ട്. ഗ്രീക്ക് ദേവനായ ഹെക്ടറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നല്‍കിയിരിക്കുന്നത്.
പ്രാരംഭ മോഡലാണ് സ്റ്റൈല്‍. ഷാര്‍പ്പ് ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമായിരിക്കും. പെട്രോള്‍ പതിപ്പുകളില്‍ ഹൈബ്രിഡ് ടെക്നോളജി പിന്തുണയുമുണ്ടാകും. മുന്‍ വീല്‍ ഡ്രൈവായാണ് ഹെക്ടര്‍ മോഡലുകള്‍ വിപണിയിലെത്തുക. വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങളിലായിരിക്കും എംജി ഹെക്ടര്‍ എത്തുക.
Post Your Comments