നെടുമങ്ങാട്: അമ്മയും കാമുകനും ചേര്‍ന്നു കഴുത്തുഞെരിച്ചു കിണറ്റിലെറിയുമ്പോള്‍ പതിനാറുകാരിയായ മീരയില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിച്ചിരുന്നെന്നു സംശയം. മഴ തോരും മുമ്പേ കിണറ്റില്‍ തള്ളാനുള്ള വ്യഗ്രതയില്‍ മരിച്ചെന്ന് ഉറപ്പാക്കാന്‍ സമയമുണ്ടായിരുന്നില്ല. കട്ടിലിലില്‍ ഇരിക്കുകയായിരുന്ന മകളുടെ കഴുത്തില്‍ ആദ്യം ഷാള്‍ ചുറ്റി ഞെരിച്ചതു മഞ്‌ജുഷയാണ്. പിന്നാലെ മഞ്‌ജുഷയുടെ കാമുകന്‍ അനീഷ് കൈകള്‍ കൊണ്ട് കഴുത്തുഞെരിച്ചു. കുഴഞ്ഞുവീണ മീരയെ ബൈക്കിലിരുത്തി കരാന്തലയിലെത്തിച്ചു.
അനീഷിന്റെ വീടിനടുത്തുള്ള കിണറിനരികിലെ കുറ്റിക്കാട്ടില്‍ കിടത്തിയപ്പോള്‍ മീര നേരിയ ശബ്‌ദം പുറപ്പെടുവിച്ചതായി തോന്നി. മഞ്‌ജുഷ വീണ്ടും കഴുത്ത് ഞെരിക്കുമ്പോഴേക്കും അനീഷ് കിണറിന്റെ മൂടി മാറ്റി. തുടര്‍ന്നു മീരയുടെ ശരീരത്തില്‍ കല്ലുകെട്ടി കിണറ്റിലെറിഞ്ഞു. വെള്ളത്തില്‍ വീണതിനുശേഷമാകാം മരണം സംഭവിച്ചതെന്നു സംശയിക്കുമ്പോഴും കണ്ടെടുത്തപ്പോഴേക്കും മൃതദേഹം ഏറെ ജീര്‍ണിച്ചിരുന്നതിനാല്‍ സ്‌ഥീരികരിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം വീട്ടില്‍നിന്ന് അനീഷ് തന്റെ അമ്മയെ ഉച്ചയോടെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞുവിട്ടു.
സന്ധ്യയോടെ ഇയാള്‍ മഞ്‌ജുഷയുടെ വീട്ടിലെത്തി. ഇരുവരുടെയും അവിഹിതബന്ധം നേരില്‍ക്കണ്ട മീര എതിര്‍ത്തപ്പോള്‍, നാട്ടിലുള്ള ചില ആണ്‍കുട്ടികളുമായി നിനക്കും ബന്ധമുണ്ടെന്നു പറഞ്ഞ് മകളെ മഞ്‌ജുഷ കൈയേറ്റം ചെയ്‌തു. തുടര്‍ന്ന് മീരയുടെ കഴുത്തില്‍ കിടന്ന ഷാളില്‍ മഞ്‌ജുഷ ചുറ്റിപ്പിടിച്ചു ഞെരിച്ചു. ഷാളുപയോഗിച്ച് കഴുത്ത് ഞെരിക്കുമ്പോള്‍ പുറത്ത് നല്ല മഴയായിരുന്നു. മഴ തോരുന്നതിനു മുമ്പ് കിണറ്റില്‍ തള്ളിയതിനു ശേഷം, മീര ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നും പിടികൂടാന്‍ തിരുപ്പതിയില്‍ പോവുകയാണെന്നും മഞ്ച പേരുമലയില്‍ താമസിക്കുന്ന മാതാപിതാക്കളെയും മൂത്ത സഹോദരിയെയും മഞ്‌ജുഷ വിളിച്ചറിയിച്ചു.
തന്റെ വാടകവീട്ടിലെ സാമഗ്രികള്‍ അവിടെനിന്നു മാറ്റി വീട് ഒഴിയണമെന്നും നിര്‍ദ്ദേശിച്ചു. “അമ്മ എനിക്കു വേണ്ടിയും ഞാന്‍ അമ്മയ്‌ക്കു വേണ്ടിയുമാണു ജീവിക്കുന്നത്” എന്നു പറയുമായിരുന്നു മീര. മിക്കവാറും ഞായറാഴ്‌ചകളില്‍ മഞ്ച പേരുമല ചരുവിളയില്‍ താമസിക്കുന്ന അമ്മൂമ്മ വത്സലയെ കാണാനെത്തുമായിരുന്നു അവള്‍. പള്ളിയില്‍ പോകാനും ഒഴിവുസമയങ്ങളില്‍ അമ്മൂമ്മയ്‌ക്ക് കൂട്ടിരിക്കാനും വേണ്ടിയായിരുന്നു വരവ്. അമ്മൂമ്മയ്‌ക്കും അമ്മയുടെ മൂത്ത സഹോദരി സിന്ധുവിനുമൊപ്പം ആഹാരം കഴിക്കും. അമ്മ മഞ്‌ജുഷയ്‌ക്കുള്ള പൊതിച്ചോറുമായേ മടങ്ങാറുണ്ടായിരുന്നുള്ളൂ.
ഒരു ഞായറാഴ്‌ച വത്സലയ്‌ക്ക് ഒരു കല്യാണത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ പിറ്റേന്നാണു മീര കാണാനെത്തിയത്. പതിവുപോലെ ഒന്നിച്ച് ആഹാരം കഴിച്ചു. വൈകിട്ടു മൂന്നോടെ അമ്മയ്‌ക്കുള്ള പൊതിച്ചോറുമായി മടങ്ങി. അന്നു രാത്രിയായിരുന്നു കൊലപാതകം. മടക്കമില്ലാത്ത യാത്രയാണെന്ന് അന്നു പൊന്നുമോള്‍ പോകുമ്പോള്‍ കരുതിയിരുന്നില്ലെന്നു പറഞ്ഞ് വത്സല പൊട്ടിക്കരഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ശനിയാഴ്‌ച പേരുമലയില്‍ വത്സലയുടെ വീട്ടുവളപ്പിലാണു മീരയ്‌ക്കു കുഴിമാടമൊരുങ്ങിയത്.
കോടതി റിമാന്‍ഡ് ചെയ്‌ത പ്രതികളെ ഒരാഴ്‌ച കസ്‌റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് അപേക്ഷ നല്‍കുമെന്ന് അനേ്വഷണോദ്യോഗസ്‌ഥര്‍ അറിയിച്ചു. മീരയെ കിണറ്റിലെറിഞ്ഞശേഷം പ്രതികള്‍ മുങ്ങിയ തമിഴ്‌നാട്ടിലും കൊലപാതകം നടന്ന വീട്ടിലുമെത്തിച്ച് വിശദമായ തെളിപ്പ് നടത്തും.
Post Your Comments