ശ്രീനഗര്‍: ഞായറാഴ്ച നടന്ന ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തോറ്റതിന് കാരണം പുതിയ ഓറഞ്ച് ജേഴ്‌സിയെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ”എന്നെ അന്ധവിശ്വാസിയെന്ന് വിളിച്ചോളൂ, എന്നാലും ഞാന്‍ പറയും 2019ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിജയപരമ്പര അവസാനിപ്പിച്ച ജേഴ്‌സിയാണ് ഇത്”. മെഹബൂബ ട്വിറ്ററില്‍ കുറിച്ചു.
ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇന്ത്യയുടെ പരാജയത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ സെമി പ്രവേശനത്തിന് വേണ്ടിയുള്ള മത്സരമായിരുന്നു ഇന്നലെ നടന്നിരുന്നതെങ്കില്‍ ഇന്ത്യന്‍ ടീം ഇത്രയും അശ്രദ്ധമായി ബാറ്റ് ചെയ്യുമായിരുന്നോയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹോം ആന്‍ഡ് എവേ നിയമത്തെ തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിനായി ഇന്ത്യന്‍ ടീം മറ്റൊരു ജേഴ്‌സി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ രണ്ടാമത്തെ നിറമായി ഓറഞ്ച് തിരഞ്ഞെടുത്തത് കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
മഹാരാഷ്ട്ര നിയമസഭയില്‍ ഇന്ത്യന്‍ ടീമിന്റെ ഓറഞ്ച് ജേഴ്‌സിക്കെതിരെ കോണ്‍ഗ്രസ്, എസ്.പി എംഎല്‍.എമാര്‍ രംഗത്തെത്തിയിരുന്നു. മോദി സര്‍ക്കാര്‍ കാവി രാഷ്ട്രീയം കളിക്കുകയാണെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ നസീം ഖാന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ കാവി രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഓറഞ്ച് ജേഴ്സി ധരിക്കാനുളള തീരുമാനത്തെ മഹാരാഷ്ട്രയില്‍ നിന്ന് തന്നെയുള്ള കേന്ദ്രമന്ത്രി രാംദാസ് അതാവാലെ സ്വാഗതം ചെയ്തു. ഓറഞ്ച് വിജയത്തിന്റെയും ധൈര്യത്തിന്റെയും നിറമാണെന്നും അത് ധരിക്കുന്നതില്‍ ഒരു പ്രശ്നവുമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Post Your Comments