അഞ്ജു പാർവ്വതി പ്രഭീഷ്
ആഭ്യന്തരം ആഭാസമാകൂന്ന സമകാലീനകേരളത്തില്‍ കസ്റ്റഡിമരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ‘ഒറ്റപ്പെട്ടത്’ എന്ന അശ്ലീലവാക്കിനെ നോക്കി കൊഞ്ഞനംകുത്തുന്നുണ്ട് ഒരുപാട് ആത്മാക്കള്‍!കസ്റ്റോഡിയല്‍ ടോര്‍ച്ചര്‍’ അഥവാ ‘ലോക്കപ്പ് പീഡനം’ എന്നത് നമ്മുടെ നാട്ടിലെ ഭരണവര്‍ഗം ഒറ്റപ്പെട്ട സംഭവമാക്കി നിസ്സാരവല്കരിക്കുമ്പോള്‍ ഇനിയും ഇരുമ്പറയ്ക്കുള്ളിലെ കൊലയറകളില്‍ ചതച്ചരയ്ക്കപ്പെടാന്‍ എത്രയോ ഹതഭാഗ്യര്‍ ബാക്കി.
ഒരു ഡസനിലേറെ ഉപദേശകരുളള ആഭ്യന്തരമന്ത്രി! കടലാസില്‍ അച്ചടിക്കാന്‍ അലങ്കാരങ്ങള്‍ ഏറെയുളള ആഭ്യന്തരവകുപ്പിന്റെ കെടുകാര്യസ്ഥത വെളിച്ചത്തില്‍ വരുന്നത് തുടര്‍ച്ചയായുണ്ടാകുന്ന കസ്റ്റഡിമരണങ്ങളും പോലീസുദ്യോഗസ്ഥര്‍ കൂടി പങ്കാളികളാകുന്ന ക്രൈമുകളിലൂടെയുമാണ്.2016 മെയ് മാസത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പോലീസ് അതിക്രമങ്ങളുടേയും മൂന്നാംമുറ പ്രയോഗത്തിന്റെയും നിരവധി സംഭവങ്ങളാണ്.ഇതിനെയൊക്കെ ഒറ്റപ്പെട്ട സംഭവമാക്കി ചിത്രീകരിക്കാന്‍ കഴിവുള്ള മനോനിലയെയാണോ ഇരട്ടച്ചങ്ക് കൊണ്ട് അന്വര്‍ത്ഥമാക്കുന്നത് ?
ആളുമാറി പിടിച്ചുക്കൊണ്ടുപോയി തച്ചുടച്ചു കൊന്ന വരാപ്പുരയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തോടെ തുടങ്ങുന്നു മുഖ്യമന്ത്രി തലവനായ ആഭ്യന്തരവകുപ്പിലെ ക്രിമിനലുകളായ പോലീസുകാരുടെ ഒറ്റപ്പെട്ട നീതിനിര്‍വ്വഹണത്തിന്റെ സീരീസ്.ശ്രീജിത്തിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത രീതി ഒന്നവലോകനം ചെയ്താല്‍ മനസ്സിലാകും അതിനു പിന്നിലെ രാഷ്ട്രീയ കുബുദ്ധി. ഒരു കൊടും കുറ്റവാളിയെ അറസ്റ്റു ചെയ്യുന്ന പോലെ മഫ്തിയില്‍ പോയി അര്‍ദ്ധരാത്രിയിലാണ് കിടന്നുറങ്ങുന്ന ഒരാളെ അറസ്റ്റു ചെയ്തത്.അതും വെറും സംശയത്തിന്റെ ആനുകൂല്യത്തില്‍.ഒരാളെ ലോക്കപ്പിലിടുന്നതിനു മുന്നേ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന സുപ്രീം കോടതിയുടെ വിധി കാറ്റില്‍പ്പറത്തിയെന്നതിന്റെ നേര്‍സാക്ഷ്യമാണ് ആ കൊല.. പോലീസ് സേനയിലെ നല്ലനടപ്പിനെ കുറിച്ച് വാചാലനായ ഡി.ജി.പി. വായടയ്ക്കുന്നതിനു മുന്നേ തന്നെ ഒരു നിരപരാധിയെ മൃഗീയമായ മര്‍ദ്ദനത്തിരയാക്കി കൊന്ന് നമ്മുടെ പോലീസുകാര്‍ മാതൃക കാട്ടിയതും ഈ കൊലയിലൂടെ തന്നെ.
ശ്രീജിത്തിന്റെ കേസിനുശേഷം പുറത്തുവന്ന മറ്റൊരു ഒറ്റപ്പെട്ട കൊലപാതകം മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലുള്ള ഓട്ടോ ഡ്രൈവര്‍ ഉനൈസിന്റെ കസ്റ്റഡി മരണമായിരുന്നു! 2018 ഫെബ്രുവരി 22ന് ഭാര്യാപിതാവിന്റെ സ്‌കൂട്ടര്‍ തീവെച്ച കേസില്‍ നാലു പോലീസുകാര്‍ വീടു വളഞ്ഞാണ് ഉനൈസിനെ കസ്റ്റഡിയിലെടുക്കുന്നത്.രാവിലെ മുതല്‍ വൈകിട്ടുവരെ എടക്കാട് പോലീസ് സ്റ്റേഷനില്‍ ഉനൈസിന് മര്‍ദ്ദനമേറ്റുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഏഴ് പോലീസുകാരും എസ്ഐയും ചേര്‍ന്ന് ഉനൈസിനെ മര്‍ദ്ദിച്ചെന്ന് ഇവര്‍ പറയുന്നു. വായിലൂടെയും മൂത്രത്തിലൂടെയും രക്തം വന്ന് അവശനായ നിലയില്‍ ഫെബ്രുവരി 24ന് ഉനൈസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
മെഡിക്കല്‍ ലീഗല്‍ കേസായാണ് ആശുപത്രി അധികൃതര്‍ ഈ കേസ് പരിഗണിച്ചത്. അതിന്‍ പ്രകാരം നാലുദിവസത്തിനകം പോലീസ് ആശുപത്രിയിലെത്തി കേസ് പരിഗണിക്കേണ്ടതാണ്. എന്നാല്‍ നടപടിയെടുക്കാന്‍ വൈകി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായിവീട്ടിലെത്തിയ ശേഷം രണ്ട് മാസത്തോളം പണിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഉനൈസ്. 2018 മെയ് 2നാണ് ഉനൈസ് മരിച്ചത്.
കൊല്ലം കുണ്ടറ സ്വദേശി കുഞ്ഞുമോനെതിരെ ഉണ്ടായിരുന്നത് ഒരു പെറ്റിക്കേസ് ആയിരുന്നു. കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത കുഞ്ഞുമോനെ വാറണ്ടുമായി വീട്ടില്‍നിന്നും പിടികൂടിയ പോലീസ് മര്‍ദ്ദിച്ചുകൊന്നത് കുണ്ടറ പരിധിയില്‍ വരുന്ന ഒറ്റപ്പെട്ട സംഭവമാണ്.ദളിതനായ കുഞ്ഞുമോന്റേത് കസ്റ്റഡി മരണമാണ് എന്ന് വീട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരുമുള്‍പ്പെടെ ആരോപിച്ചു. എന്നാല്‍ ഹൃദയസ്തംഭനം മൂലമാണ് കുഞ്ഞുമോന്‍ മരിച്ചതെന്നും പോലീസ് മര്‍ദ്ദനം മൂലമല്ലെന്നും വിധിയെഴുതി ആ കേസ് ഒതുക്കുകയായിരുന്നു.
മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന കൊടുംപാതകത്തിനു പിടിച്ചുക്കൊണ്ടുപോയി അടിച്ചുകൊന്ന ജോണ്‍സണും ഒരു ഒറ്റപ്പെട്ട കസ്റ്റഡിമരണത്തിന്റെ ഇരയാണത്രേ! പോലീസ് മര്‍ദ്ദനത്തില്‍ മനം നൊന്ത് ആത്മഹത്യചെയ്ത വിനായകന്റെ ആത്മഹത്യയും ഒറ്റപ്പെട്ടതായിരുന്നു! മുടി നീട്ടിവളര്‍ത്തിയതിന്റെ പേരിലും, കഞ്ചാവ് മാഫിയ ബന്ധവും മോഷണക്കുറ്റവും ആരോപിച്ചും പോലീസുകാര്‍ വിനായകനെ അതിഭീകരമായി മര്‍ദ്ദിച്ചത് തീര്‍ത്തും ഒറ്റപ്പെട്ട സംഭവമായിരുന്നു!
വിദേശവനിതയായ ലിഗയുടെ തിരോധാനവും മരണവും സംസ്ഥാന പോലീസിന്റെ കരണത്തേറ്റ കനത്ത പ്രഹരമാണ്. 2018 മാര്‍ച്ച് 14 നു കോവളത്തെത്തിയ ലിഗയെ അതേ സ്ഥലത്തു നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ മാറി വാഴമുട്ടത്തെ ചേന്തി ലക്കരിയെന്ന വിജനമായ സ്ഥലത്തു നിന്നും 39 ദിവസത്തിനു ശേഷം ജീര്‍ണ്ണിച്ച ശരീരമായി കണ്ടെടുത്തപ്പോള്‍ ചോദ്യമുയര്‍ന്നത് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അനാസ്ഥയെ കുറിച്ച് മാത്രമാണ്.
നക്ഷത്രചിഹ്നങ്ങളുടെ ധാര്‍ഷ്ട്യത്തില്‍ നെയ്യാറ്റിന്‍കരയിലെ സനലിനെ കാറിനുമുന്നില്‍ തള്ളിയിട്ടുകൊന്നശേഷം ആത്മഹത്യ ചെയ്ത ഡി.വൈ.എസ്.പി ഹരികുമാറിന്റെ സേനയ്ക്കുള്ളിലെ വഴിവിട്ട ഉന്നതസ്വാധീനങ്ങള്‍ ഒറ്റപ്പെട്ടതായിരുന്നു!
വണ്ടി ഇടിച്ചുവീഴ്ത്തിയ സനലിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിച്ച എസ്.ഐയുടെ കൃത്യവിലോപവും ഒറ്റപ്പെട്ടതായിരുന്നു!
തലശേരി പോലീസ് കസ്റ്റഡിയിലെടുത്ത ഇതരസംസ്ഥാനതൊഴിലാളി കാളിമുത്തുവിനും ജീവന്‍ നഷ്ടപ്പെട്ടത് പോലിസിന്റെ മൂന്നാംമുറ കാരണമായിരുന്നു.മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരും പുറകെ നടക്കാനില്ലാത്തതിനാല്‍ കാളിമുത്തുവിന്റെ കസ്റ്റഡി മരണം വാര്‍ത്തപോലുമായില്ല.അതുകൊണ്ട് ഒറ്റപ്പെട്ട സംഭവവും ആയില്ല! അബ്ദുള്‍ വഹാബ് എന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിയെ സാമ്പത്തിക ഇടപാട് കേസിലാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിറ്റേന്ന് രാവിലെ ഇയാളെ ലോക്കപ്പിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. അടിവസ്ത്രത്തിന്റെ വള്ളിയില്‍ തൂങ്ങിമരിച്ചത് മറ്റൊരു ഒറ്റപ്പെട്ട സംഭവം!
കേരളത്തെ ഞെട്ടിച്ച കെവിന്‍ വധക്കേസില്‍ ,കെവിനെ കാറില്‍ തട്ടിക്കൊണ്ടുപോയിയെന്ന പരാതികിട്ടിയിട്ടും നിഷ്‌ക്രിയരായി നിന്ന,കൈക്കൂലി വാങ്ങിയ പോലീസുകാരുടെ മനോഭാവവും ഒറ്റപ്പെട്ടതായിരുന്നു! പോലീസുകാരിയെ തീകൊളുത്തികൊന്ന പോലീസുകാരന്‍ അജാസിന്റെ ചെയ്തിയും ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നു!
ഏറ്റവും ഒടുക്കം ഒറ്റപ്പെട്ട സംഭവമായി മാറുന്നു നെടുങ്കണ്ടം പോലീസ് മര്‍ദ്ദനത്തിനിരയായ രാജ്കുമാറിന്റെ ദാരുണമരണം.മരിക്കുംമുന്‍പ് രാജ്കുമാറിന് കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നത് തെളിയിക്കുന്നതാണ് രാജ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അരയ്ക്ക് താഴേക്ക് പൈശാചികമായ മര്‍ദനമേറ്റ മുറിവുകളും ചതവുകളും വ്യക്തമായി പരാമര്‍ശിക്കപ്പെടുന്ന റിപ്പോര്‍ട്ട് മൂന്നാംമുറയുടെ ഒറ്റപ്പെട്ട സാക്ഷ്യപത്രമാകുന്നു.
കാലത്തിനു വല്ലാത്തൊരു കാവ്യനീതിയുണ്ട്. ഈച്ചരവാര്യര്‍ എന്നൊരച്ഛനെയും രാജനെന്ന മകനെയും മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല.രാജന്‍ കേസ് ഒരു സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് മര്‍ഡര്‍ ആണെന്നാരോപിച്ചവരാണ് കമ്മ്യൂണിസ്റ്റുകള്‍. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരനെ മുഖ്യ കുറ്റവാളിയായി എന്നും ചിത്രീകരിച്ചതും അവര്‍ തന്നെ. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് പോലും വടകരയിലെ കെ.മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്റെ മകനെ മഴയത്ത് നിര്‍ത്തിയിരിക്കുന്നതെന്ന ഒരു പിതാവിന്റെ ഉള്ളുപൊള്ളിക്കുന്ന ചോദ്യത്തെ ആയുധമാക്കിയവരുണ്ട്.പൊലീസ് കസ്റ്റഡിയില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ ജനാധിപത്യ രാജ്യത്ത് ആര്‍ക്കാണ് പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തമെന്ന ചോദ്യത്തിനു കെ.കരുണാകരനെന്ന ആഭൃന്തരമന്ത്രിക്കെന്നു അടിവരയിട്ടുറപ്പിച്ചുകൊണ്ട് രാജിവയ്പ്പിച്ച രാഷ്ട്രീയപ്രസ്ഥാനം ഭരിക്കുമ്പോഴാണ് തുടര്‍ച്ചയായുള്ള കസ്റ്റഡിമരണങ്ങളുണ്ടാവുന്നതെന്നത് വിരോധാഭാസമാണ്.ഈച്ചരവാരിയരോടൊപ്പം പോരാടിയ പാര്‍ട്ടിക്കും ആഭ്യന്തരം കയ്യാളുന്ന അതിന്റെ മുഖ്യമന്ത്രിക്കും ലോക്കപ്പുകള്‍ കൊലയറകളായി മാറ്റാതിരിക്കാനുള്ള ഉറച്ച, ചരിത്രപരമായ ഉത്തരവാദിത്തമാണുള്ളതെന്ന് മറക്കാതിരിക്കട്ടെ!
Post Your Comments