അപ്പനേതായാലും അമ്മയ്ക്ക് തല്ലുറപ്പെന്ന് പറഞ്ഞതുപോലെയാണ് കേരളപൊലീസിന്റെ കാര്യം. ആര് ഭരിച്ചാലും ജനങ്ങളില്‍ ആര്‍ക്കെങ്കിലുമൊക്കെ പൊലീസിന്റെ കൊടും മര്‍ദനമേറ്റ് മരിക്കേണ്ടിവരും. അധികാരത്തിലെത്തുന്ന ഏത് മുഖ്യമന്ത്രിയും ഉറപ്പിച്ചുപറയും പൊലീസും ജനങ്ങളും തമ്മില്‍ സൗഹൃദം വേണം സഹകരണം വേണമെന്നൊക്കെ. പക്ഷേ ഏട്ടിലെ പശു പുല്ലുതിന്നില്ലല്ലോ. സാക്ഷരതയുടെയും സാംസ്‌കാരികതയുടെയും നാടായ കേരളത്തില്‍ പോലും പൗരാവകാശം ലംഘിക്കപ്പെട്ട് ഒരുവന് പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി മരിക്കേണ്ടി വരുന്ന ദുസ്ഥിതിയാണ്. തീര്‍ത്തും ഒറ്റപ്പെട്ട സംഭവമായി കേരളത്തിലെ കസ്റ്റഡിമരണങ്ങളെ കാണാനാകില്ല.
പീരുമേട്ടില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്കുമാര്‍ പൊലീസിന്റെ ഉരുട്ടലിന് വിധേയനായെന്നാണ് ആരോപമണമുയരുന്നത്. വായ്പാതട്ടിപ്പു കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിന് പൊലീസിന്റെ ക്രൂരമര്‍ദനം ഏറ്റിട്ടുണ്ടെന്നൊണ് അന്വേഷണ റിപ്പോര്‍ട്ടും പറയുന്നത്. കൈക്കൂലി കൊടുക്കാത്തതിന് മകനെ പൊലീസ് കൊന്നെന്നാണ് കുമാറിന്റെ അമ്മ കസ്തൂരി വിലപിക്കുന്നത്. തുടയിലും കാല്‍വെള്ളയിലുമായി വലുതും ചെറുതുമായ ഏഴ് ചതവുകളും ശരീരത്തില്‍ ആകെ 22 പരിക്കുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം ന്യൂമോണിയ ആണെങ്കിലും ഗുരുതരമായി മര്‍ദ്ദനമേറ്റത് ആരോഗ്യം താറുമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ശരിയായ ആഹാരം ലഭിക്കാതെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതാകാം ന്യൂമോണിയയിലേക്ക് നയിച്ചതെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഗിന്നസ് മാടസ്വാമിയാണ് രാജ്കുമാറി്‌ന്റെ മരണത്തില്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. . നാലു ദിവസത്തെ തുടര്‍ച്ചയായ മര്‍ദനത്തിന്റെ ഫലമായി രാജ് കുമാറിന്റെ ശരീരത്തിന്‍ 32 മുറിവുകള്‍ ഉണ്ടായിരുന്നതായാണ് ഇദ്ദേഹം നല്‍കിയ പരാതിയില്‍ പറയുന്നത്. കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദനങ്ങളും അവസാനിപ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കാലാകാലങ്ങളില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയതിന്റെ പുതിയ ഉദാഹരണമാണ് രാജ് കുമാറിന്റെ മരണമെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്.
അതേസമയം പൊലീസില്‍ സാരമായ മാറ്റം വരുത്തേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിക്കുന്നു. പഴയ പൊലീസ് മുഖം മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സേനാംഗങ്ങളില്‍ ചിലര്‍ക്കു പ്രത്യേക മാനസികാവസ്ഥകളുണ്ടാകാം. ഒറ്റപ്പെട്ട ഇത്തരം വ്യക്തികളുടെ മാനസികാവസ്ഥ അതേപടി പ്രകടിപ്പിക്കാന്‍ സേനയില്‍ സാഹചര്യമുണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നുണ്ട്. പക്ഷേ ഇതൊക്കൈ പറയുമ്പോഴും ആഭ്യന്തരവകുപ്പിന്റെ കൂടി ഉത്തരവാദിത്തമുള്ള പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷം സംസ്ഥാനത്ത് ഒന്നും രണ്ടുമല്ല രാജ്കുമാറിന്റേത് ഉള്‍പ്പെടെ ആറ് കസ്റ്റഡിമരണങ്ങളാണ് നടന്നിരിക്കുന്നത്. മൂന്ന് പേര്‍ മോഷണക്കേസില്‍ പൊലീസിന്റെ പിടിയിലിരിക്കെയാണ് മരിച്ചത്. കൃത്യമായി പറഞ്ഞാല്‍ 2016 ല്‍ വണ്ടൂര്‍ പൊലീസ് സ്റ്റേഷനിലും തലശേരി പൊലീസ് സ്റ്റേനിലുമായി അബ്ദുല്‍ ലത്തീഫും കാളിമുത്തുവും മരിച്ചു. 2017ല്‍ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി രാജുവും മരിച്ചു. 2018ല്‍ വാരാപ്പുഴ സ്വദേശി ശ്രീജിത്തിന്‍െ കസ്റ്റഡി മരണം നടന്നു. പൊലീസിനെ ഏറെ വിവാദത്തിലാക്കിയ മരണമായിരുന്നു ഇത്. അന്നും കസ്റ്റഡിമരണങ്ങളെക്കുറിച്ചും പൊലീസില്‍ വരുത്തേണ്ട കാലോചിതമായ പരിഷ്‌കരണങ്ങളെക്കുറിച്ചും കുറെ ചര്‍ച്ച നടന്നെങ്കിലും 2019ല്‍ വീണ്ടും കസ്റ്റഡിമരണമുണ്ടായി. മദ്പിച്ച് ബഹളം വെച്ചെന്ന് ആരോപിച്ച് മണര്‍കാട് പൊലീസ് പിടികൂടിയ നവാസായിരുന്നു അന്നത്തെ ഇര. അതിന് ശേഷമാണ് ഇപ്പോള്‍ രാജ്കുമാറിന്റെ മരണം വിവാദമായിരിക്കുന്നത്.
ഏറ്റവും കടുത്ത കുറ്റവാളിയോട് പോലും ശാരീരിക ആക്രമണത്തിന്റെ നേരിയ ഒരു മുറ പോലും പ്രയോഗിക്കരുതെന്നാണ് നിയമം. പക്ഷേ നിസാരകാര്യങ്ങള്‍ക്ക് പോലും അറസ്‌റിലാകുന്നവര്‍ക്ക് ചിലപ്പോള്‍ അതിക്രൂരമായ മര്‍നമാണ് ഏല്‍ക്കേണ്ടി വരുന്നത്. കുറ്റം ചെയ്യുന്നവരെ പിടികൂടി നീതി പീഠത്തിന് മുന്നിലെത്തിക്കുക എന്നതാണ് പൊലീസിന്റെ ഉത്തരവാദിത്തം. കുറ്റക്കാരനാണോ അല്ലയോ എന്ന് കണ്ടെത്തി ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്. പക്ഷേ പലപ്പോഴും നിരപരാധികളെ കുറ്റക്കാരാക്കുന്ന തെളിവുകളുമായായിരിക്കും പൊലീസ് അവരെ കോടതിയില്‍ എത്തിക്കുന്നത്. അധികാരവും പണവും സ്വാധീനവും പൊലീസ് സേനയെ ശക്തമായി നിയന്ത്രിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സുഗമമായി ജോലി ചെയ്യാന്‍ പൊലീസില്‍ സംവിധാനങ്ങളില്ല എന്നത് അതിന്റെ മറ്റൊരു വീഴ്ച്ചയാണ്. പൊലീസ് മേധാവിയായി സേവമനുഷ്ടിച്ച് വിരമിക്കുന്നവര്‍ പൊലീസില്‍ അനുഭവിക്കേണ്ടി വരുന്ന അസ്വാതന്ത്ര്യത്തിന്റെയും ഫേവറിസത്തിന്റെയും കഥകള്‍ എണ്ണിരപ്പറയുന്നുണ്ട്. പൊലീസ് ചെയ്യുന്ന കുറ്റം അന്വേഷിക്കാന്‍ പൊലീസിനെ തന്നെ ചുമതലപ്പെടുത്തുന്നതിന്റൈ അസാംഗത്യം ഹൈക്കോടതി ഒരിക്കല്‍ ചോദ്യം ചെയ്തതാണ്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉരുട്ടിക്കൊലക്ക് വിധേയനായ ഉദയ്കുമാറിന്റെ മരണം ഇക്കാര്യം തുറന്നുകാട്ടിയതാണ്.
കസ്റ്റഡി മരണം മാത്രമല്ല സാധാരണ പൗരന്‍മാരെ ഭീഷണിപ്പെടുത്തിയും കള്ളക്കേസില്‍ കുടുക്കിയും പല പൊലീസ് ഉദ്യോഗസ്ഥരും ഉപദ്രവിക്കാറുണ്ട്. ഇത്തരം പല റിപ്പോര്‍ട്ടുകളും വിവാദമാകുകയും അതുപോലെ തന്നെ കെട്ടടങ്ങുകയും ചെയ്യുന്നത് ജനങ്ങളുടെ മുന്നിലാണ്. പൊലീസിനെതിരെ പരാതി ഉന്നയിക്കുന്നവരില്‍ പലരും പാതി വഴിയില്‍ വാര്‍ത്തകളില്‍ നിന്ന് അപ്രത്യക്ഷരാകുന്നത് എന്തുകൊണ്ടാണെന്ന് കൂടി അന്വേഷിക്കപ്പെടണം. കേരളത്തില്‍ മാത്രമല്ല രാജ്യമെമ്പാടും നിലനില്‍ക്കുന്ന ഭീഷണിയാണ് കസ്റ്റഡിമരണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ മാത്രം 16 പേര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചിട്ടുണ്ട്. കസ്റ്റഡി മര്‍ദനത്തിലും വര്‍ധനയുണ്ട്. കസ്റ്റഡി മരണത്തിന് പുറമേ മനുഷ്യാവകാശ ലംഘനങ്ങളും ഗണ്യമായി കൂടുകയാണ്. 2014 – 2015 കാലത്ത് 34,924 കേസുകളാണ് മനുഷ്യാവകാശ ലംഘനത്തിനെടുത്തതെന്ന് അറിയുമ്പോള്‍ അതിന്റെ വ്യാപ്തി മനസിലാകും. പൊലീസിലേക്ക് ആളെ എടുക്കുമ്പോള്‍ അവരുടെ പശ്ച്ചാത്തലം വിശദമായി അന്വേഷിക്കപ്പെടണമെന്നതാണ് മറ്റൊരു കാര്യം. സേനയിലെ കുറ്റവാളികളായ പൊലീസുകാരെ ഒഴിവാക്കാന്‍ ഇതുവഴി കഴിയും, നിലവിലുള്ള കുറ്റവാളികളെ കണ്ടെത്തി പുറത്താക്കുക എന്നത് പ്രായോഗികമല്ല. ഉന്നതങ്ങളിലെ സ്വാധീനവും മറ്റും അവരെ സുരക്ഷിതരാക്കും. എന്തായാലും പൊതുജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് കൊലയാളികളാകുന്നത് തടഞ്ഞേ തീരൂ. അതിനുള്ള ആര്‍ജവം ഭരിക്കുന്നവര്‍ക്കുണ്ടാകട്ടെ
Post Your Comments