ഷാര്‍ജ: കനത്ത ചൂടില്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ട് വയസുകാരനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് രക്ഷിതാക്കളുടെ ശ്രദ്ധതെറ്റിയ സമയത്ത് കുട്ടി കയറിപ്പറ്റിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കുട്ടി കാറിനുള്ളില്‍ കയറിയതറിയാതെ അച്ഛന്‍ ജുംഅ നമസ്കാരത്തിനായി പള്ളിയിലേക്ക് പോയി.
തിരികെ വന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലായത്. പിന്നീട് നടത്തിയ തിരച്ചിലില്‍ കാറിന്റെ പിന്‍സീറ്റില്‍ ബോധരഹിതനായ നിലയില്‍ കുട്ടിയെ കണ്ടെത്തി. ഉടന്‍ തന്നെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ച കുട്ടി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.കുട്ടിയുടെ അച്ഛന്‍ കാര്‍ ലോക്ക് ചെയ്യാന്‍ മറന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
ശ്വാസതടസം കാരണം അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ കൊണ്ടുവന്നതെന്നും അടിയന്തര ചികിത്സ നല്‍കിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള അശ്രദ്ധ ഉണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments