ഇടുക്കി: നെടുങ്കടത്ത് റിമാന്‍ഡ് പ്രതി രാജ്കുമാര് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് സൂചന. 22 മുറിവുകള്‍ രാജ്കുമാറിന്റെ ദേഹത്ത് ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പരിക്കുകള്‍ എങ്ങനെ സംഭവിച്ചുവെന്ന് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുകയാണ്. കസ്റ്റഡി മര്‍ദ്ദനമെന്ന ആരോപണത്തിന് ശക്തി പകരുന്ന തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് കരുതുന്നത്.
ഇത് സ്ഥിരീകരിക്കുന്നതിനായി രാജ്കുമാറിനെ പരിശോധിച്ച മുഴുവന്‍ ഡോക്ടര്‍മാരുടെയും മൊഴികള്‍ രേഖപ്പെടുത്തും. രാജ്കുമാറിന് മര്‍ദ്ദനമേറ്റുവെന്ന സ്ഥിരീകരണമാണ് കോട്ടയം മെഡിക്കല്‍ കോളേജിലേ ഡോക്ടര്‍മാരില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചത്. മുറിവുകള്‍ എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
ന്യൂമോണിയക്ക് കാരണവും ഭക്ഷണം നല്‍കാതെയുള്ള മൂന്നാം മുറയെന്നും സൂചന.രാജ്കുമാറിന്റെ തുടയിലും കാല്‍ വണ്ണയിലും മുറിവും ചതവും അടക്കം ഗുരുതരമായ പരിക്കുകളെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. തുടയുടെ പിന്‍ഭാഗത്തും കാല്‍ പാദത്തിലും അസ്വാഭാവികമായ നാല് വലിയ ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിരലുകള്‍ക്കും സാരമായ പരിക്കാണുണ്ടായിരിക്കുന്നത്.
പോലീസിന്റെ അതിക്രൂരമായ മൂന്നാംമുറയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു.മൂര്‍ച്ചയില്ലാത്ത ആയുദ്ധം ഉപയോഗിച്ചാണ് മര്‍ദ്ദനമുണ്ടായതെന്നും ആള്‍ക്കൂട്ട ആക്രമണമാണെങ്കില്‍ ഇത്തരത്തില്‍ അരക്ക് കീഴ്‌പ്പോട്ട് മാത്രം ചതവുകളും മുറിപ്പാടുകളും ഉണ്ടാകില്ലെന്നാണ് സൂചന.
അതേസമയം, വിവാദമായ നെടുംകണ്ടം പൊലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഹാര്‍ഡ് ഡിസ്‌ക് വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Post Your Comments