ശാസ്ത്രലോകം കൗതുകത്തോടെ നോക്കുന്ന ശനിയുടെ ചന്ദ്രന് ടൈറ്റനിലേക്കുള്ള ‘ഡ്രാഗൺഫ്ലൈ ‘ദൗത്യം നാസ പ്രഖ്യാപിച്ചു. ഭൂമിയിലും ടൈറ്റനിലും സമാനമായുള്ള ജൈവ രാസസംയുക്തങ്ങള്‍ കണ്ടെത്തുകയും അതുവഴി ജീവസാധ്യത വിലയിരുത്തുകയും ലക്ഷ്യം. ദൗത്യം 2026ലാകും ഭൂമിയില്‍ നിന്നു യാത്ര തിരിക്കുക. 2034ല്‍ ടൈറ്റന്റെ ഉപരിതലത്തിലെത്തും. തുടര്‍ന്ന് പറന്നു നടന്നുള്ള പര്യവേക്ഷണം.
8 റോട്ടര്‍വീലുകളുള്ള സവിശേഷവാഹനം. തവളച്ചാട്ടം പോലെ ഒരിടത്തു നിന്നു പറന്ന് മറ്റൊരിടത്തേക്ക്(ഒറ്റ പറക്കലില്‍ 8 കി.മീ. താണ്ടും). ഇറങ്ങുന്നത് ടൈറ്റനിലെ ഷാങ്ഗ്രില മേഖലയില്‍. മൊത്തം 175 കി.മീ. താണ്ടി സാംപിളുകള്‍ ശേഖരിക്കും. സോളാര്‍പാനലുകള്‍ക്കു പകരം ഊര്‍ജം നല്‍കുക തെര്‍മോ ഇലക്ട്രിക് ജനറേറ്ററുകള്‍. ദൗത്യത്തിന്റെ അവസാന സ്ഥാനം ടൈറ്റനിലെ സെല്ക് വന്‍കുഴിയിലാണ്. ജൈവരാസസംയുക്തങ്ങള് കണ്ടെത്താന്‍ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന മേഖലയാണിത്.
‘ഡ്രാഗണ്‍ ഫ്ലൈ’ ദൗത്യത്തിന് രൂപംകൊടുത്തത് മലയാളി കൂടി ഭാഗമായ യുഎസിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലാ സംഘം. കൊച്ചി കാക്കനാട് സ്വദേശിയും ജോണ്‍ ഹോപ്കിന്‍സിലെ അപ്ലൈഡ് ഫിസിക്സ് വിഭാഗം പ്ലാനറ്ററി സയന്‍സ് ഗവേഷകനുമായ ഹരി നായരാണു സംഘത്തിലെ മലയാളി. നാസയുടെ ‘ന്യൂ ഫ്രോണ്ടിയേഴ്സ് പ്രോഗ്രാമിന്റെ’ ഭാഗമായി സര്‍വകലാശാല സമര്‍പ്പിച്ച പദ്ധതിയാണ് ഡ്രാഗൺഫ്ലൈ.
Post Your Comments