ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യഘട്ടത്തിലെ അവസാന മത്സരങ്ങളിലേക്ക് എത്തിയതോടെ ഇനി കളിക്കളത്തില്‍ വീറും വാശിയും നിറയും. അവസാന നാലില്‍ എത്തുന്നത് ആരാകുമെന്ന് തീരുമാനിക്കുന്ന മത്സരങ്ങള്‍ക്കാണ് ഇനി ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കുക. ഇന്ന് ലോകകപ്പ് വേദിയില്‍ അരങ്ങറുന്നത് രണ്ട് മത്സരങ്ങളാണ്. ഇത് രണ്ടും അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നതിനാല്‍ തന്നെ പരസ്പരമുള്ള വീറും വാശിയും ഏറും. പാക്കിസ്ഥാന്‍-അഫ്ഗാന്‍ മത്സരവും, ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് മത്സരവുമാണ് ഇന്ന് നടക്കാനിരിക്കുന്നത്.
പാക്കിസ്ഥാന് ഇന്ന് നിലനില്‍പ്പിന്റെ പോരാട്ടമാണ്. അഫ്ഗാനിസ്ഥാനെതിരെ തോറ്റാല്‍ പാക് ടീമിന്റെ സെമിസാധ്യതയ്ക്ക് മങ്ങലേല്‍ക്കും. ലീഡ്‌സില്‍ വൈകിട്ട് മൂന്നിനാണ് മത്സരം നടക്കുന്നത്. ഇന്നത്തേത് ഉള്‍പ്പെടെ രണ്ട് മത്സരങ്ങളാണ് പാക്കിസ്ഥാന് ബാക്കിയുള്ളത്. ഇത് രണ്ടും ജയിക്കുകയും ശ്രീലങ്കയും ഇംഗ്ലണ്ടും അവരുടെ ഓരോ മത്സരങ്ങള്‍ തോല്‍ക്കുകയും വേണം. ഇനി ഒരു മത്സരം മാത്രമേ ജയിക്കുന്നുള്ളുവെങ്കില്‍ ഇംഗ്ലണ്ട് എല്ലാ മത്സരങ്ങള്‍ തോല്‍ക്കാനും ശ്രീലങ്കയും ബംഗ്ലാദേശും ഓരോ മത്സരങ്ങള്‍ മാത്രം ജയിക്കുകയും ചെയ്താലേ പാക്കിസ്ഥാന് മുന്നേറാനാകൂ. അങ്ങനെ സംഭവിച്ചാല്‍ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ അവര്‍ക്ക് നാലിലൊന്നാവാനാവും. ഇതില്‍ ശ്രീലങ്ക ഇന്നലെ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ പാക് പ്രതീക്ഷകള്‍ ഉയരുകയാണ്. ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തില്‍ പാക്കിസ്ഥാന്‍ എത്തുമ്പോള്‍ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട ദുഖത്തിലാണ് അഫ്ഗാന്‍ സംഘം കളത്തിലിറങ്ങുന്നത്.
അതേസമയം, കഴിഞ്ഞ ലോകകപ്പിന്റെ കലാശപോരാട്ടം ലോകകപ്പില്‍ ഇന്ന് വീണ്ടും ആവര്‍ത്തിക്കാനാണ് സാധ്യത. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോള്‍ ന്യൂസിലന്‍ഡിനാണ് മത്സരം ഏറെ നിര്‍ണായകം. ലോകകപ്പില്‍ ഒരു മത്സരം മാത്രമാണ് തോറ്റതെങ്കിലും ഇതുവരെ സെമി ഉറപ്പാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ഇതോടെ ഇന്ന് വിജയം നേടി അവസാന നാലില്‍ എത്താനുള്ള ശ്രമങ്ങളാകും കിവീസ് നടത്തുക. എന്നാല്‍ ഇന്ത്യയോട് ഒഴികെ എല്ലാ മത്സരത്തിലും മിന്നും വിജയം നേടിയ ഓസ്‌ട്രേലിയയാകട്ടെ മികച്ച ഫോമിലാണ്.
Post Your Comments