Latest NewsKerala

അഞ്ച് ലക്ഷം ജീവനക്കാര്‍ക്ക് ട്രഷറി വഴി ശമ്പളം; മാറ്റമാവശ്യമുള്ളവര്‍ക്ക് നിര്‍ദേശങ്ങളുമായി ധനവകുപ്പ്

തിരുവനന്തപുരം : ഓഗസ്റ്റ് 1 മുതല്‍ വിതരണം ചെയ്യുന്ന ശമ്പളം ജീവനക്കാരുടെ ട്രഷറി അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കുമെന്നും ഇതു ബാങ്കിലേക്കു മാറ്റണമെന്നുള്ളവര്‍ അടുത്ത മാസം 15നു മുന്‍പു സാലറി ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാരെ (ഡിഡിഒ) രേഖാമൂലം അറിയിക്കണമെന്നും നിര്‍ദേശിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ജീവനക്കാരുടെ പേരില്‍ ട്രഷറികളില്‍ ആരംഭിച്ചു കഴിഞ്ഞ ഇടിഎസ്ബി അക്കൗണ്ടിലാണ് ഓഗസ്റ്റ് 1 മുതല്‍ ശമ്പളമെത്തുക. ജൂലൈ ഒന്നിനു വിതരണം ചെയ്തു തുടങ്ങുന്ന ജൂണ്‍ മാസത്തെ ശമ്പളം ആദ്യം ഇടിഎസ്ബി അക്കൗണ്ടിലേക്കും തുടര്‍ന്നു നിലവില്‍ ശമ്പളമെത്തുന്ന ബാങ്ക് അക്കൗണ്ടിലേക്കും മാറ്റി നല്‍കും.

ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ തന്നെ ട്രഷറിയില്‍ നല്‍കണം. കൈവൈസിയിലും ഈ നമ്പര്‍ രേഖപ്പെടുത്തണം. ശമ്പളം കൈപ്പറ്റുന്ന രീതിയില്‍ എപ്പോള്‍ വേണമെങ്കിലും ജീവനക്കാരന് മാറ്റങ്ങള്‍ വരുത്താം. ശമ്പളം മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റണമെങ്കില്‍ ജൂലൈ 25നു മുന്‍പ് ബില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (ബിംസ്) ഡിഡിഒമാര്‍ രേഖപ്പെടുത്തണം. ഇതിനു ശേഷമേ ജൂലൈ മാസത്തെ ശമ്പള ബില്‍ ഡിഡിഒമാര്‍ തയ്യാറാക്കാവൂ. ജീവനക്കാരന്‍ ആവശ്യപ്പെടുന്നതനുസരിച്ച് ശമ്പളത്തില്‍ നിന്നു നിശ്ചിത തുക മാത്രമായും ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാം.

ഇടിഎസ്ബി അക്കൗണ്ടില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്, പാസ്ബുക്ക്, ചെക്ക്ബുക്ക് എന്നിവ ലഭിക്കാന്‍ ജീവനക്കാര്‍ ഡിഡിഒമാര്‍ക്ക് കെവൈസി (നോ യുവര്‍ കസ്റ്റമര്‍) സമര്‍പ്പിക്കണം. ട്രഷറിയില്‍ നിന്നോ ട്രഷറി വെബ്‌സൈറ്റില്‍ നിന്നോ കെവൈസി ഫോം ശേഖരിക്കാം. സംസ്ഥാനത്തെ അഞ്ചര ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം ട്രഷറി വഴി വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ജൂലൈ മാസത്തില്‍ തന്നെ ഇതിനുള്ള നടപടിക്രമങ്ങളെല്ലാം സര്‍ക്കാര്‍ പൂര്‍ത്തിയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button