ദുബായ്: വസ്ത്രങ്ങളില്‍ വിതറി മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ വിദേശിക്ക് ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. ഏഴ് വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്. ശിക്ഷ കഴിഞ്ഞതിന് ശേഷം ഇയാളെ നാടുകടത്തണമെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് 39കാരനായ പ്രതി പിടിയിലായത്. 18.2 ഗ്രാം മയക്കുമരുന്നാണ് ഇയാള്‍ വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
പ്രതിയുടെ ബാഗേജുകള്‍ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനാണ് മയക്കുമരുന്ന് പിടിച്ചത്. പതിവ് പരിശോധനകള്‍ നടത്തുന്നതിനിടെ ഇയാള്‍ പരിഭ്രാന്തനാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെ സംശയം തോന്നിയ അധികൃതര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. ചോദിച്ചപ്പോള്‍ നിരോധിത വസ്തുക്കളൊന്നും കൈവശമില്ലെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ ഹാന്റ് ബാഗ് പരിശോധിച്ച ശേഷം ചെക്ക് ഇന്‍ ബാഗേജ് പരിശോധിച്ചപ്പോള്‍ ഇതിന്റെ ടാഗ് പൊട്ടിച്ചതായി കണ്ടെത്തി. നിരവധി തുണികളുണ്ടായിരുന്ന ബാഗില്‍ അവയ്ക്കിടയില്‍ വിതറിയ രീതിയില്‍ വെളുത്ത പൊടി കണ്ടെത്തുകയായിരുന്നു.
വസ്ത്രത്തില്‍ താന്‍ ഒന്നും ഒളിപ്പിച്ചിട്ടില്ലെന്നായിരുന്നു ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. നാട്ടിലുള്ള മറ്റൊരാള്‍ തന്നയച്ചതാണ് ഈ വസ്ത്രങ്ങളെന്നും യുഎഇയിലുള്ള ബന്ധുവിന് കൈമാറാനുള്ളതാണ് ഇതെന്നുമാണ് ഇയാള്‍ പറഞ്ഞത്. 32 വസ്ത്രങ്ങളിലായി ക്രിസ്റ്റല്‍ മെത്ത് ഇനത്തിലുള്ള 18.2 കിലോഗ്രാം മയക്കുമരുന്നാണ് കണ്ടെത്തിയത്. പ്രതി കുറ്റം നിഷേധിച്ചെങ്കിലും ഈ വാദങ്ങള്‍ തള്ളിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
Post Your Comments