KeralaLatest News

വനിതകള്‍ ജയില്‍ചാടിയ സംഭവം; പ്രതികളെ കുറിച്ച് വിവരം ലഭിക്കാതെ പോലീസ്, പുറത്തു നിന്നു സഹായം ലഭിച്ചതായി സൂചന

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ടു തടവുകാര്‍ രക്ഷപ്പെട്ട സംഭവത്തില്‍ ഇവര്‍ക്ക് പുറമേ നിന്നു സഹായം ലഭിച്ചതായി നിഗമനം. ജയില്‍ ചൈടിയ ശില്‍പയും സന്ധ്യയും എവിടെയാണെന്ന് ഇപ്പോഴും സൂചനയില്ല. തമിഴ്‌നാട്ടിലേക്കു കടന്നിരിക്കാമെന്നാണു പ്രാഥമിക നിഗമനം. ഇവരുടെ നാട്ടിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.

ശില്‍പയ്ക്കു തമിഴ്‌നാട്ടില്‍ ചില സുഹൃദ്ബന്ധങ്ങളുണ്ട്. അതാണ് അങ്ങോട്ടേക്കു പോയോയെന്നു സംശയിക്കുന്നത്. മോഷണ, വഞ്ചനക്കേസുകളിലെ പ്രതികളാണ് ഇരുവരും. വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ ഈ മാസം ഏഴിനും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയം ദേശം തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്‍പ 17 നും ആണ് ജയിലിലെത്തിയത്. ഇരുവരും ജയിലിലാണു പരിചയപ്പെട്ടത്.

ചൊവ്വാഴ്ച വൈകിട്ടു ജയില്‍ വളപ്പിനു പിന്‍വശത്തെ മതില്‍ ചാടിയാണ് ഇവര്‍ കടന്നതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. മണക്കാട് ഭാഗത്തു നിന്ന് ഓട്ടോറിക്ഷയില്‍ കയറിയ ഇവര്‍ രാത്രി ഏഴരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എസ്എടി ആശുപത്രിയിലെത്തി. പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ലെന്നു കബളിപ്പിക്കപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍ പൊലീസിനു മൊഴി നല്‍കി.

അധികൃതരുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്നു സൂചന. തടവുകാര്‍ക്ക് അമിത സ്വാതന്ത്ര്യം ജയിലില്‍ അനുവദിച്ചിരുന്നതായി ജയില്‍ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ജയില്‍ മേധാവി ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരം ഡിഐജി സന്തോഷ് കുമാര്‍ അന്വേഷണമാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button