ഇടുക്കി: കസ്റ്റഡി മര്‍ദ്ദനത്തിനെ തുടര്‍ന്ന് കൊല്ലപ്പെട്ട രാജ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. രാജ് കുമാറിന്റെ മരണ കാരണം ആന്തരിക മുറിവുകള്‍ മൂലമുണ്ടായ ന്യുമോണിയ മൂലമാണെന്നാണ് റിപ്പോര്‍ട്ട്. മര്‍ദ്ദനത്തില്‍ രാജ് കുമാറിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞു. കൂടാതെ ഇരുകാലുകള്‍ക്കും സാരമായ മുറിവുകളേറ്റിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പീരുമേട് കസ്റ്റഡി മരണത്തില്‍ പ്രതി രാജ്കുമാറിനുനേരെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചത് പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയില്‍വച്ചായിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിലെ ഒന്നാംനിലയിലാണ് വിശ്രമമുറി. രണ്ട് പൊലീസ് ഡ്രൈവര്‍മാരും ഒരു എഎസ്ഐയുമാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് സൂചന. സംഭവത്തില്‍ നാല് പൊലീസുകാരെക്കൂടി സസ്പെന്‍ഡു ചെയ്തു.
ഇതോടെ നടപടി നേരിട്ട പൊലീസുകാരുടെ എണ്ണം പതിനേഴായി. അതിനിടെ ക്രൈംബ്രാഞ്ച് സംഘം ഇന്നു നെടുങ്കണ്ടത്ത് എത്തി തെളിവെടുക്കും. അതേസമയം ജയിലില്‍ എത്തിക്കുമ്പോള്‍ രാജ്കുമാറിന്റെ അവസ്ഥമോശമായിരുന്നു എന്ന് ജയില്‍ സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. പോലീസുകാര്‍ എടുത്താണ് ജയിലിനകത്ത് എത്തിച്ചത്. 17 ന് പുലര്‍ച്ച ഒന്നരയ്ക്കാണ് സംഭവം. പിറ്റേന്ന് നില വഷളായതിനെ തുടര്‍ന്ന് പീരുമേട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments