വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാർഥിനെ (20) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തേ ഉണ്ടായിരുന്ന 12 പേർക്കു പുറമേയാണു ആറുപേരെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തത്. ആകെ 18 പ്രതികൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു.എസ്എഫ്ഐ നേതാക്കൾ അടക്കം 12 പേർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.
ഈ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർത്ഥിനെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്റും അടക്കം 12 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാർഥി ക്രൂരമർദനത്തിനിരയായെന്നാണ് പോസ്‍റ്റ്‍മോർട്ടം റിപ്പോർട്ട്. സിദ്ധാർഥനെ നിലത്തിട്ടു നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെയും കഴുത്തിൽ എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെയും തെളിവുകളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
കഴുത്തിൽ, തൂങ്ങിമരിച്ചതിന്റെ അടയാളത്തിനുപുറമേ രണ്ടുദിവസം പഴക്കമുള്ള മുറിവുമുണ്ട്. ഇലക്‌ട്രിക് വയറുകൊണ്ട് കോളേജ് യൂണിയൻ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചെന്ന് സഹപാഠികൾ മൊഴിനൽകിയിരുന്നു. ഇലക്‌ട്രിക് വയറുകൊണ്ട് കഴുത്തിന് മുറുക്കിയതുകൊണ്ടാവാം മുറിവുപറ്റിയതെന്ന് സംശയിക്കുന്നു. വിദ്യാർഥിയുടെ വയർ, നെഞ്ച് എന്നിവിടങ്ങളിൽ കാല്പാടുകളും കാലിന്റെ തള്ളവിരലും പതിഞ്ഞതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കുടലിനും പരിക്കുപറ്റിയിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇലക്‌ട്രിക് വയറിനുപുറമേ ബെൽറ്റുകൊണ്ടും മർദിച്ചിട്ടുണ്ട്. ബെൽറ്റിന്റെ ബക്കിൾകൊണ്ട പാടുകളാണ് ശരീരത്തിന്റെ പലഭാഗങ്ങളിലുമുള്ളത്. കസേരയിൽ ഇരുത്തിയോ മറ്റോ മർദിച്ചശേഷം പുറകിലേക്ക് തള്ളിയിട്ട് നിലത്തിട്ട് ചവിട്ടിയതാവാനുള്ള സാധ്യതകളുമുണ്ടെന്ന് ഫൊറൻസിക് വിദഗ്ധർ പറയുന്നു. കവിളിന്റെ രണ്ടുഭാഗത്തും പിടിച്ചതിന്റെ പാടുകളുണ്ട്.
തലയുടെ പുറകുഭാഗത്തും ചുമലിലും പരിക്കേറ്റിട്ടുണ്ട്. തലയുടെ പുറകിലാണ് സാരമായ പരിക്കുള്ളത്. തള്ളിയപ്പോൾ നിലത്തുവീണ് പറ്റിയതാവാമിതെന്ന് കരുതുന്നു. ചെറുപ്പമായതുകൊണ്ടാണ്, അല്ലെങ്കിൽ ചവിട്ടേറ്റ് വാരിയെല്ല് തകർന്നുപോവുമായിരുന്നെന്നാണ് ഫൊറൻസിക് വിദഗ്ധർ പറയുന്നത്.അതുതന്നെ ജീവൻ നഷ്ടമാവുന്നതിന് കാരണമാവുമായിരുന്നു. 12 പേരാണ് കേസിലെ പ്രതികളെങ്കിലും അതിൽ കൂടുതൽ ആളുകൾ പങ്കാളിയായിട്ടുണ്ടാവുമെന്നാണ് സൂചന. അത്രയ്ക്കും മർദനമേറ്റ് ചതഞ്ഞ് അവശനായിരുന്നു സിദ്ധാർഥൻ.
15-നാണ് കോളേജിൽനിന്ന് സിദ്ധാർഥൻ തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ചത്. പക്ഷേ, എറണാകുളത്തെത്തിയപ്പോൾ വളരെ അടിയന്തര ആവശ്യമുണ്ടെന്നു പറഞ്ഞ് മറ്റൊരു സഹപാഠി വിളിച്ചുവരുത്തുകയായിരുന്നു. കേസിലെ പ്രധാന പ്രതികളിലൊരാളായ ഇഹ്‌സാനാണ് വിളിച്ചുവരുത്തിയത്. ഇത് കൃത്യമായ ആസൂത്രണത്തിനു തെളിവാണ്. 16-ന് കോളേജിൽ എത്തിയതുമുതൽ ഹോസ്റ്റലിലും കോളേജിനു പിറകിലെ കുന്നിൻമുകളിലുമെല്ലാംവെച്ച് മൂന്നുദിവസം തുടർച്ചയായി ക്രൂരമായി മർദിച്ചിട്ടുണ്ട്.
കോളേജ് ഹോസ്റ്റലിൽ നൂറ്റിമുപ്പതോളം വിദ്യാർഥികൾക്കിടയിൽവെച്ച് പ്രതികൾ ഭീഷണിപ്പെടുത്തി. ഒരുദിവസം അർധരാത്രി ഹോസ്റ്റൽ മുറിയിൽവെച്ച് സിദ്ധാർഥന്റെ കരച്ചിൽ കേട്ടതായും സഹപാഠികൾ മൊഴിനൽകിയിട്ടുണ്ട്. മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ ഇവർ ക്രൂരതകാട്ടിയെന്ന് സിദ്ധാർഥന്റെ അമ്മാവൻ അഖിൽ പറയുന്നു. ഇത്രയും സംഭവങ്ങളുണ്ടായിട്ടും എന്തുകൊണ്ട് കോളേജ് അധികൃതർ അറിഞ്ഞില്ലെന്നാണ് കുടുംബം ചോദിക്കുന്നത്.
ആരും സഹായിക്കുകയോ, ആശുപത്രിയിൽ എത്തിക്കുകയോ ചെയ്തില്ലന്നും പരാതിയുണ്ട്. ഭയന്നിട്ടാണ് സഹായിക്കാതിരുന്നതെന്നാണ് ചില വിദ്യാർഥികൾ പറയുന്നത്.മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് സിദ്ധാര്‍ഥിന്റെ രക്ഷിതാക്കള്‍. മകന്‍ മരിച്ച വിവരം കോളേജില്‍ നിന്ന് ഔദ്യോഗികമായി വിളിച്ച് പറഞ്ഞിരുന്നില്ലെന്നും അവിടെത്തന്നെ പി.ജിക്ക് പഠിക്കുന്ന മറ്റൊരു ബന്ധുവാണ് ഇക്കാര്യം അറിയിച്ചതെന്നും സിദ്ധാര്‍ഥിന്റെ ബന്ധുക്കള്‍ പറയുന്നു.
Post Your Comments