അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയില്‍ വെള്ളത്തില്‍ മുങ്ങിമരിച്ച ഒരു അച്ഛന്റെയും മകളുടെയും നൊമ്പരപ്പെടുത്തുന്ന ചിത്രമാണ് ലോകത്തെ ഇപ്പോള്‍ തുറിച്ചുനോക്കുന്നത്. അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡെ തീരത്താണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. കമഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍. മരണത്തിന്റെ ആഴങ്ങളിലേക്ക് ആണ്ട് പോകുമ്പോഴും ആ പിതാവിന്റെ കൈ പിഞ്ചോമനയെ ചേര്‍ത്തുപിടിച്ചിരുന്നു. അച്ഛന്റെ ടീ ഷര്‍ട്ടിനുള്ളിലായിരുന്നു കുട്ടി. കൈവിടാത്ത സ്നേഹത്തിന് പക്ഷേ പ്രതീക്ഷയുടെ മറുകര അണയാന്‍ കഴിഞ്ഞില്ല. ഇത് അമേരിക്കയുടെ ഐലാന്‍ കുര്‍ദി നിമിഷം എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം ഷെയര്‍ ചെയ്യപ്പെട്ടത്. എല്‍സാല്‍വഡോര്‍ എന്ന കുഞ്ഞുരാജ്യത്തില്‍ നിന്ന് നിറയെ പ്രതീക്ഷകളുമായാണ് ഇവര്‍ പാലായനം ആരംഭിച്ചത്. എന്നാല്‍ ലക്ഷ്യത്തിലെത്തുന്നതിന് മുന്‍പ് മരണം തേടിയെത്തുകയായിരുന്നു.
മെക്സിക്കന്‍ ദിനപത്രമായ ലാ ജൊര്‍ണാഡയാണ് ചിത്രം പ്രസിദ്ധീകരിച്ചത്. ഒസ്‌കാര്‍ ആല്‍ബര്‍ട്ടോ മാര്‍ട്ടിനസ് രമീരസും മകള്‍ വലേരിയയുമാണ് അഭയാര്‍ഥി ജീവിതത്തിന്റെ നൊമ്പരക്കാഴ്ചയായി മാറിയത്. അമേരിക്കയില്‍ അഭയം കിട്ടാനുള്ള ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെയാണ് രമീരസ് മകളുമായി ഞായറാഴ്ച നീന്തിത്തുടങ്ങിയത്. തിങ്കളാഴ്ച ഇവരുടെ മൃതദേഹം കിട്ടിയത്. കുടുംബമൊത്ത് കഴിഞ്ഞ ഏപ്രില്‍ മൂന്നിന് എല്‍ സാല്‍വദോറില്‍നിന്ന് പുറപ്പെട്ടതാണ് ഇവര്‍. ഇടയ്ക്ക് രണ്ട് മാസം തപച്ചുലയില്‍ അഭയം തേടിയിരുന്നു.
‘എങ്ങനെയെങ്കിലും ഒരു വീടുണ്ടാക്കണം, മെച്ചപ്പെട്ട ജീവിതം വേണം. അതിന് പണം വേണം. ഇതുവരെയെത്തി ഇനി തിരിച്ചുപോക്കില്ല എങ്ങനെയെങ്കിലും അക്കരെ എത്തണമെന്ന് പറഞ്ഞാണ് വെള്ളത്തിലേക്ക് ചാടിയത്.’ പോകരുതെന്ന് കെഞ്ചി പറഞ്ഞതാണെന്നും രമീരസിന്റെ മാതാവ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. തിരയില്‍ ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നത് കണ്ടുനില്‍ക്കാനെ തനിക്ക് കഴിഞ്ഞുള്ളൂവെന്ന് രാമിരസിന്റെ ഭാര്യ ടാനിയ മെക്സിക്കന്‍ അധികൃതരോട് വെളിപ്പെടുത്തി.
അഭയാര്‍ത്ഥി പാലായനത്തിനിടെ ജീവന്‍ വെടിഞ്ഞ മൂന്നു വയസുള്ള സിറിയന്‍ ബാലന്‍ അലന്‍ കുര്‍ദി ചിലരുടെയെങ്കിലും കണ്ണ് തുറപ്പിച്ചിരുന്നു. ചില രാജ്യങ്ങളെങ്കിലും അഭയാര്‍ഥികള്‍ക്കമുന്നില്‍ വാതിലുകള്‍ തുറന്നു. എന്നാല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലാകട്ടെ ഒരു രാജ്യം മറ്റൊരു രാജ്യത്തില്‍നിന്നുള്ളവരെ കയറ്റാതിരിക്കാനുള്ള ശ്രമത്തിലാണ്. എല്‍സാല്‍വഡോര്‍ എന്ന കുഞ്ഞുരാജ്യത്തില്‍നിന്ന് പ്രതീക്ഷകളുടെ വലിയൊരു ഭൂഖണ്ഡം തന്നെ മനസ്സില്‍ സൂക്ഷിച്ച് അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ച് അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡെ തീരത്ത് അവര്‍ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം മാത്രം 283 പേരാണ് പാലായനത്തിനിടെ മരിച്ചത്.
Post Your Comments