മക്ക: വെള്ളിയാഴ്ച മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിദേശികല്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. ഹജ്ജ് സീസണ്‍ ആരംഭിക്കുന്നതിനാലാണിത്. എല്ലാ വര്‍ഷവും ഹജ്ജ് സീസണിനോടനുബന്ധിച്ച് ഏര്‍പ്പെടുത്താറുള്ള വിലക്കാണ് 28 മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഓഗസ്റ്റ് 11 വരെയാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
ഹജ്ജ് സീസണിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും അറബി മാസം ശവ്വാല്‍ 25 മുതല്‍ ദുല്‍ഹജ്ജ് 10 വരെയാണ് വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്താറുള്ളത്. കാറുകള്‍, ബസുകള്‍, ട്രെയിന്‍ എന്നിങ്ങനെ എല്ലാ വാഹനങ്ങളിലും മക്കയിലേക്ക് വരുന്നവര്‍ക്ക് ഇത് ബാധകമാണ്. എന്നാല്‍ മക്കയില്‍ താമസിക്കുന്ന ഇഖാമ ഉള്ളവര്‍ക്കും ഹജ്ജ് സംബന്ധമായ ജോലികള്‍ക്കായി മക്കയില്‍ എത്തുന്നവര്‍ക്കും ഈ വിലക്ക് ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജോലി ആവശ്യത്തിനായി മക്കയില്‍ എത്തുന്നവര്‍ അതിന് മുന്‍പായി പ്രത്യേക അനുമതി വാങ്ങണം.
Post Your Comments