കണ്ണൂര്‍: സിപിഎം വിഭാഗീതയുടെ പ്രതിഫലനം പാര്‍ട്ടിയുടെ സൈബര്‍ ലോകത്തേക്കും പടരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ പേരില്‍ നടക്കുന്ന പാര്‍ട്ടി വിരുദ്ധ പ്രചരണം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍ രംഗത്തെത്തിയത്. ആന്തൂര്‍ വിഷയത്തിലും ബിനോയ് കോടിയേരി വിഷയത്തിലും പി. ജയരാജനെയും ജയരാജന്റെ നിലപാടുകളെയും ഉയര്‍ത്തിക്കാണിക്കാന്‍ ജയരാജന്‍ ഫാന്‍സ് ഫെയ്‌സ്ബുക്കില്‍ നടത്തിയ ശ്രമം തന്നെയാണ് ഒടുവില്‍ പാര്‍ട്ടിക്ക് തലവേദനയായത്. ഇതോടെയാണ് ജയരാജന്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ടത്.
സിപിഎമ്മിന്റെ സൈബര്‍ ഗ്രൂപ്പുകളിലാണ് ട്രോളുകളും കമന്റുകളും പ്രത്യക്ഷപ്പെട്ടത്. മിക്കതും കോടിയേരിയുടെ മക്കളുടെ ആഢംബര ജീവിതരീതിയെ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിച്ചുകൊണ്ടുള്ളവയായിരുന്നു. പി. ജയരാജന്റേതാണ് കമ്യൂണിസ്റ്റ് ജീവിത ശൈലിയെന്നു തെളിയിക്കാന്‍ അദ്ദേഹത്തിന്റെ മക്കളുടെ ചിത്രങ്ങളും ജയരാജന്റെ ആരാധകര്‍ പോസ്റ്റുകളില്‍ ഉള്‍പ്പെടുത്തി. ജയരാജന്റെ മക്കള്‍ കല്ലു ചുമക്കുന്നതും ഹോട്ടല്‍ ജോലി ചെയ്യുന്നതുമായ ചിത്രങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. പി.ജെ ഫാന്‍സ് എന്ന നിരവധി ഗ്രൂപ്പുകളില്‍ ഇത് പ്രത്യക്ഷപ്പെട്ടു. മക്കളുടെ വിവാഹം പോലും ലളിതമായ രീതിയില്‍ നടത്തിയതും പരാമര്‍ശിക്കപ്പെട്ടു. ഇത് കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെ മറ്റ് നേതാക്കളെ പരിഹസിക്കാനും പി.ജയരാജനെ മഹത്വവത്കരിക്കാനുമുള്ള ശ്രമമായാണ് ജയരാജന്‍ വിരുദ്ധപക്ഷം നോക്കിക്കണ്ടത്. ഇതോടെയാണ് ജയരാജന്‍ ഈ പ്രചരണങ്ങളെ തള്ളിപ്പറയുകയും വിലക്കുകയും ചെയ്തത്.
ആന്തൂര്‍ വിഷയത്തില്‍ വ്യവസായിയെ രക്ഷിക്കാനായി ഇടപെട്ട നേതാവായിട്ടാണ് സൈബര്‍ ഗ്രൂപ്പുകളില്‍ ജയരാജനെ ചിത്രീകരിച്ചത്. കൂട്ടത്തില്‍ ജില്ലാ കമ്മറ്റിയംഗം പി.കെ ശ്യാമളയെ വിമര്‍ശിക്കുകയും ചെയ്തു. നിയമസഭയില്‍ പി. ജയരാജനെ ഉദ്ദേശിച്ച് മുഖ്യമന്ത്രിയുടെ ‘ബിബം’ പരാമര്‍ശം ഉണ്ടായതിന് പിന്നില്‍ ഇത്തരം പ്രചാരണങ്ങളിലുള്ള അമര്‍ഷവും നിഴലിച്ചിരുന്നു എന്നകാര്യം വ്യക്തമാണ്. വി.എസ് അച്യുതാനന്ദനെ മഹത്വവത്കരിക്കാന്‍ മാധ്യമങ്ങള്‍ നടത്തിയ ശ്രമമാണ് പി. ജയരാജന്റെ കാര്യത്തിലും നടക്കുന്നതെന്ന സൂചനയാണ് പിണറായി നല്‍കിയത്. പാര്‍ട്ടിയെ ആക്രമിക്കുക എന്നതാണ് രണ്ടിന്റെയും ലക്ഷ്യം എന്ന് പിണറായി പറഞ്ഞുവെച്ചതോടെ ജയരാജന് ഇതിന് പിന്നിലെ അപകടം മനസിലാവുകയായിരുന്നു. ഇതേതുടര്‍ന്നാണ് തന്നെ മഹത്വവത്കരിക്കുന്ന സൈബര്‍ പ്രചാരണങ്ങള്‍ക്ക് ജയരാജന്‍ തന്നെ തടയിട്ടത്.
Post Your Comments