ന്യൂ ഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്‍.സി.) നിന്ന് കൂടുതല്‍ ആളുകളെ കൂടി പുറത്താക്കി. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കരടു പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 1.02 ലക്ഷം ആളുകളാണ് ഇപ്പോള്‍ പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നത്.
പട്ടികയില്‍ നിന്ന് പുറത്തായവരെ കത്തിലൂടെ വിവരം അറിയിക്കുമെന്നും പരാതിയുള്ളവര്‍ക്ക് ജൂലൈ 11 ന് എന്‍.ആര്‍.സി ഹെല്‍പ് സെന്ററുകളില്‍ പരാതി നല്‍കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
2018 ജൂലൈ 30 നാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 3.28 കോടി പേര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ 2.89 പേര്‍ മാത്രമാണ് കരട് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ ഒരു ലക്ഷം പേരെക്കൂടി ഒഴിവാക്കിയത്.
2005 മെയ് മാസമാണ് സംസ്ഥാനത്തെ യഥാര്‍ഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ആകെ ലഭിച്ച 3.28 കോടി പൗരത്വ അപേക്ഷകളില്‍ രണ്ടു കോടിയോളം പൗരത്വരേഖകളാണു പരിശോധിച്ചിരുന്നു. ഇതില്‍ 38 ലക്ഷം പേരുടെ രേഖകള്‍ സംശയകരമായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെ 40,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്‍ആര്‍സി പട്ടിക തയ്യാറാക്കിയത്.
അടിസ്ഥാനപരമായ ഭരണഘടനാ അവകാശങ്ങളും വോട്ടവകാശവും ഇല്ലാത്തവരെന്നാണ് ഔദ്യോഗികഭാഷയില്‍ ‘ഡി വോട്ടര്‍” എന്നതിന് നിര്‍വചനം. ഇങ്ങനെയുള്ള ഡി വോട്ടര്‍മാരാണ് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടവര്‍. ഇവരില്‍ പലരും നേരത്തേ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുള്ളവരാകാം. എന്നാല്‍ നിലവില്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ ഇവരെ ജയിലിലേക്കോ ഡിറ്റന്‍ഷന്‍ കേന്ദ്രങ്ങളിലേക്കോ അയയ്ക്കും.
Post Your Comments