തിരുവനന്തപുരം: സര്‍ക്കാരിന്റെ കൃത്യ സമയത്തുള്ള ഇടപെടലിലൂടെ തൃശൂര്‍ സ്വദേശിനി സോനമോളുടെ കാഴ്ച പൂര്‍ണമായും തിരിച്ചു കിട്ടി. കഴിഞ്ഞ ദിവസത്തോടുകൂടി ചികിത്സ പൂര്‍ത്തിയായിരുന്നു. ഹൈദരാബാദിലെ എല്‍.വി പ്രസാദ് ആശുപത്രിയിലെ ഒരുമാസത്തെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം ആര്‍.ഐ.ഒ.യിലാണ് തുടര്‍ ചികിത്സ നടത്തുന്നത്. പഴയതുപോലെ സ്‌കൂളില്‍ പോകാന്‍ തുടങ്ങുന്നതിന് മുമ്പ് സോനമോളും കുടുംബവും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ സന്ദര്‍ശിച്ച് സന്തോഷം പങ്കു വച്ചു.
ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെ തുടര്‍ന്നാണ് സോനമോള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത്. ഈ രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും വാര്‍ത്തയും സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തതാണ്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ മന്ത്രിയുടെ നിര്‍ദേശ പ്രകാരം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ സോനമോളുടെ ചികിത്സ ഏറ്റെടുത്തിരുന്നു.
അപസ്മാര സംബന്ധമായ അസുഖത്തിനാണ് സോനാമോളെ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അവിടെ ചികിത്സ നടത്തുന്നതിനിടയില്‍ ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ. പുരുഷോത്തമന്റെ നേത്യത്വത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ നിന്നാണ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി മനസിലായത്. ഇതറിഞ്ഞ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംഭവത്തിലിടപെടുകയും മെഡിക്കല്‍ ശാസ്ത്രത്തിലൂടെ കാഴ്ച തിരിച്ച് കിട്ടാന്‍ കഴിയുമെങ്കില്‍ എവിടെ കൊണ്ടുപോയും ചികിത്സിക്കാന്‍ നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഇന്ത്യയിലെ പ്രധാന ആശുപത്രികളുമായി തൃശൂര്‍ കളക്ടര്‍ ടി.വി. അനുപമ, സാമൂഹ്യ സുരക്ഷ മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ഡോ. പുരുഷോത്തന്‍ എന്നിവര്‍ ബന്ധപ്പെട്ടു. നേത്ര ചികിസ്തയ്ക്കു പ്രശസ്തമായ ഹൈദരാബാദിലെ എല്‍.വി പ്രസാദ് ആശുപത്രിയെയാണ് ഇതിനായി തെരഞ്ഞെടുത്തത്. അടുത്ത ദിവസം തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ അവിടത്തെ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.
തൃശൂര്‍ പൂരസമയമായതിനാല്‍ പോലീസ് അകമ്പടിയോടു കൂടിയാണ് കുട്ടിയെ എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. ഡോ. യു.ആര്‍. രാഹുല്‍ ചികിത്സയ്ക്കായി ഹൈദരബാദില്‍ കുട്ടിയെ അനുഗമിച്ചു. എല്‍.വി പ്രസാദ് ആശുപത്രിയില്‍ ഒരു മാസത്തോളം ചികിത്സിച്ച് നിരവധി ശത്രക്രിയകള്‍ നടത്തി. 40 ദിവസത്തോളം പൂര്‍ണമായി കാഴ്ച നഷ്ടപ്പെട്ട കുട്ടിേെയയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടര്‍ ചികിത്സകള്‍ തിരുവനന്തപുരം ആര്‍.ഐ.ഒ.യിലാണ് നടത്തുന്നത്. ഇതിനിടെ കഴിഞ്ഞ ആഴ്ചയും ഹൈദ്രാബാദില്‍ പോയി ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാഴ്ച പൂര്‍ണമായും തിരിച്ച് കിട്ടിയെന്ന് വ്യക്തമായത്. ഹൈദ്രാബാദിലേക്കുള്ള വിമാന ചാര്‍ജ്, ഹൈദ്രാബാദിലെ താമസം അടക്കം എല്ലാ ചെലവുകളും സാമൂഹ്യ സുരക്ഷ മിഷനാണ് വഹിച്ചത്.
Post Your Comments