Latest NewsArticleIndia

അടിയന്തരാവസ്ഥയ്ക്ക് 44 വയസ്സ്; ഇന്ത്യക്ക് ജനാധിപത്യം തിരികെ നല്‍കിയവരെ ആദരിക്കേണ്ട ദിനം- ജനാധിപത്യ കശാപ്പിനെതിരെ സമരം ചെയ്തവരെ മറക്കരുത്

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു

ഇന്ത്യ കണ്ട ഏറ്റവും ഭയാനകമായ ഏകധിപത്യ ഭരണത്തിന്, അടിയന്തരാവസ്ഥക്ക്, 44 വയസാവുകയാണ്. 1975 ജൂണ്‍ 25 ന് അര്‍ത്ഥരാത്രിയിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കുകയുംആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്തതോടെയാണ് അധികാരത്തിന്റെ മത്ത് ബാധിച്ച ഒരു ഭരണാധികാരി ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ തീരുമാനിച്ചത്. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി, പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചു…….. എതിര്‍ക്കാന്‍ തയ്യാറായവരെ തല്ലിച്ചതച്ചു. അതിനൊക്കെയൊപ്പം നിര്‍ലജ്ജം ഏകാധിപത്യ ഭരണത്തെ താങ്ങി നിര്‍ത്താന്‍ കോണ്‍ഗ്രസുകാര്‍ തെരുവിലുമിറങ്ങി. തീര്‍ച്ചയായും ആ മഹാ ദുരന്തത്തിന്റെ വാര്‍ഷികം ശ്രദ്ധിക്കേണ്ട ഒന്നുതന്നെ. അതിനൊരു കാരണം, അത് ചരിത്രത്തിന്റെ ഭാഗമാണ് എന്നതാണ്. മറ്റൊന്ന് ഇന്നത്തെ തലമുറക്ക് അതൊക്കെ അന്യമാണ്; അവര്‍ അത് കേട്ടിട്ടേയുള്ളു; അവര്‍ ഇതൊക്കെ കൂടുതലായി അറിയുകയും വേണം. നാളെ ഇത്തരത്തിലൊന്ന് രാജ്യത്ത് ഉണ്ടാവാതിരിക്കാന്‍ അതിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ സഹായിക്കും.

വേറൊന്ന് നാം ഓര്‍ക്കേണ്ടത്, അടിയന്തരാവസ്ഥക്ക് മുന്‍പുള്ള ഇന്ദിരയുടെ ഭരണകാലത്താണ് രാജ്യത്തെ ഏറ്റവും വലിയ അഴിമതി വിരുദ്ധ പ്രക്ഷോഭം അരങ്ങേറിയത് …… ജയപ്രകാശ് നാരായണന്റെയും ആചാര്യ കൃപലാനിയുടെയും മറ്റും നേതൃത്വത്തില്‍ ഗുജറാത്തിലും ബീഹാറിലുമൊക്കെ. എബിവിപി അടക്കമുള്ള പ്രസ്ഥാനങ്ങള്‍ അതില്‍ പങ്കാളികളായി. അഴിമതിയില്‍ കുളിച്ച സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയായിരുന്നു സമരം. ഇന്ദിരയുടെ, കോണ്‍ഗ്രസിന്റെ, പ്രതിച്ഛായ സ്വാഭാവികമായും അതിനൊപ്പം മോശമാവുന്നതാണ് പിന്നീട് കണ്ടത്. 1976- ല്‍ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു; എന്നാല്‍ അടിയന്തരാവസ്ഥയുടെ മറവില്‍ തിരഞ്ഞെടുപ്പ് നീട്ടിവെച്ചതും ചരിത്രമായി.

1975 ജൂണ്‍ 12- നാണ് അലഹബാദ് ഹൈക്കോടതി റായ്ബറേലിയില്‍ നിന്നുള്ള ഇന്ദിരയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. നേരത്തെ സൂചിപ്പിച്ചത് പോലെ ആറ് വര്‍ഷത്തേക്ക് ഇന്ദിരക്ക് മത്സരിക്കാന്‍ കഴിയാത്തവിധമായിരുന്നു കോടതിവിധി. അതാണ് ഇന്ദിരാഗാന്ധിയുടെ മനോനില തെറ്റിച്ചത്. രാജിക്കായി രാജ്യമെമ്പാടും ആവശ്യമുയര്‍ന്നപ്പോള്‍ വിവരക്കേട് ആരോ ഉപദേശിച്ചു ; അങ്ങിനെ 1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; അത് സോവിയറ്റ് യൂണിയനില്‍ നിന്നുള്ള ഉപദേശമായിരുന്നു എന്ന് കരുതുന്നവരുണ്ട്. അതുമായി ബന്ധപ്പെട്ട ചില കെജിബി രേഖകള്‍ പുറത്തുവന്നിട്ടുമുണ്ട്. സോവിയറ്റ് യൂണിയന്‍ അക്കാലത്തു ഇന്ദിരക്ക് ഒപ്പമായിരുന്നുവല്ലോ. അതിനു പുറമെയാണ് സിപിഐ; അവര്‍ അടിയന്തരാവസ്ഥയെ കണ്ണടച്ച് പിന്തുണച്ചതാണ്. കോണ്‍ഗ്രസുകാരേക്കാള്‍ ‘ഇന്ദിരാ സ്തുതി’ പാടി നടന്നവരാണ് വലത് കമ്മ്യുണിസ്റ്റുകാര്‍. കേരളത്തില്‍ അക്കാലത്ത് സി അച്യുതമേനോന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സര്‍ക്കാരിനെക്കുറിച്ചും മറക്കരുതല്ലോ. ഇന്ദിരയുടെ അക്കാലത്തെ ഉപദേഷ്ടാക്കള്‍ ഒക്കെയും സോവിയറ്റ് ആശ്രിതന്മാരായിരുന്നു….. അന്നത്തെ പിഎംഒ ഒരു ‘കമ്മ്യുണിസ്റ്റ് കേന്ദ്ര’മായിരുന്നു എന്ന് പറഞ്ഞാല്‍ അതിശയിക്കാനില്ല. ഇന്ത്യയിലെ അധികാരകേന്ദ്രത്തില്‍ നിന്ന് ഇന്ദിരാഗാന്ധി അകന്നു നില്‍ക്കുന്നത് സോവിയറ്റ് യൂണിയന് ചിന്തിക്കാന്‍ കഴിയുമായിരുന്നുമില്ല. അതുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് പ്രചോദനമേകിയത് മോസ്‌കോ ആണ് എന്ന പ്രചാരത്തെ അവിശ്വസിക്കേണ്ടതില്ല. കമ്മ്യുണിസ്റ്റുകാര്‍ക്ക് എന്ത് ജനാധിപത്യ ബോധം എന്നതും ഓര്‍ക്കുക.

അടിയന്തരാവസ്ഥ യഥാര്‍ഥ കിരാത ഭരണമായിരുന്നു. ജനാധിപത്യം വേണ്ട എന്നതായിരുന്നു അക്കാലത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയ മുദ്രാവക്യം തന്നെ. അതൊക്കെ സര്‍ക്കാര്‍ ചിലവില്‍ നാട്ടില്‍ പറ്റിക്കൊണ്ടുനടന്നു. ജനങ്ങള്‍ക്ക് നാട്ടില്‍നടക്കുന്നത് എന്തെന്ന് അറിയാന്‍ മാര്‍ഗ്ഗമില്ലാതായി; കാരണം സെന്‍സര്‍ ചെയ്ത പത്രങ്ങളാണ് പുറത്തിറങ്ങിക്കൊണ്ടിരുന്നത്. ആകാശവാണിയും മറ്റും സര്‍ക്കാര്‍ ഭാഷ്യമെ പുറത്തുവിടൂ. ഒളിവില്‍ പ്രവര്‍ത്തിച്ച ‘ലോക സംഘര്‍ഷ സമിതി’ തയ്യാറാക്കിയ ലഘുലേഖകള്‍ മാത്രമായി സത്യമറിയാനുള്ള ആശ്രയം. ആര്‍എസ്എസ് , സംഘ പരിവാര്‍, ആയിരുന്നു, നേരത്തെ സൂചിപ്പിച്ചത് പോലെ, ഈ ഒളിവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരും നേതാക്കളും ജയിലിലായപ്പോഴും ആര്‍എസ്എസും അനുബന്ധ പ്രസ്ഥാനങ്ങളും ആ പ്രവര്‍ത്തനം നന്നായി നടത്തി. സത്യഗ്രഹം നടത്തി ആയിരങ്ങള്‍ അറസ്റ്റ് വരിച്ചു.

1,74,000 ഓളം പേരാണ് അക്കാലത്തു ജയിലിലായത്….. അടിയന്തരാവസ്ഥയെ എതിര്‍ത്തതിന്റെ പേരില്‍. സമരം ചെയ്തും അല്ലാതെയും അറസ്റ്റിലായവര്‍. മിസ, ഡിഐആര്‍ എന്നീ കരിനിയമങ്ങള്‍ ഉപയോഗിച്ചായിരുന്നു അറസ്റ്റുകള്‍. രാജ്യത്തെ രക്ഷിക്കാന്‍ എന്തിനും തയ്യാറായവരാണ് അതിലേറെയും….. ആര്‍എസ്എസ്, ജനസംഘം, ബിഎംഎസ്, എബിവിപി തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളില്‍ പെട്ടവര്‍. സോഷ്യലിസ്റ്റുകള്‍, സംഘടനാ കോണ്‍ഗ്രസുകാര്‍ എന്നിവരും കുറച്ചു സിപിഎം- കാരും ജയിലിലെത്തി. കേരളത്തില്‍ മാത്രം ഷാ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ‘മിസ;-യനുസരിച്ച് ജയിലിലായത് 790 പേരാണ്; ഡിഐആര്‍ പ്രകാരം തടവിലായത് 7,134 പേരും. അടിയന്തരാവസ്ഥ പിന്‍വലിക്കുന്നത് വരെ അവരില്‍ പലര്‍ക്കും ജയില്‍വാസം വേണ്ടിവന്നു; പ്രത്യേകിച്ചും ‘മിസ’ പ്രകാരം ജയിലിലായവര്‍ക്ക്.

ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം നടന്നു; ഏകാധിപതിയായ ഇന്ദിരയെ ലോകം തിരിച്ചറിഞ്ഞത് അതുകൊണ്ടാണ്. യഥാര്‍ഥത്തില്‍ 1977-ല്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇന്ദിര നിര്‍ബന്ധിതമായത് ലോകമെമ്പാടുനിന്നും ഉയര്‍ന്ന സമ്മര്‍ദ്ദം കൊണ്ടുകൂടിയാണ്; ഇന്ദിരയെ ഏകാധിപതിയായി ചിത്രീകരിക്കാന്‍ ഒളിവില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞു. അക്കാലത്ത് വിദേശത്തെത്തിയ ചില കേന്ദ്ര മന്ത്രിമാര്‍ക്ക് പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ ഓടിപ്പോകേണ്ടതായും വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം ഒന്നിച്ചണിനിരന്നു. ജയിലിലായിരുന്ന പ്രതിപക്ഷ നേതാക്കള്‍ക്ക് മുന്നില്‍ മാര്ഗങ്ങള്‍ കുറവായിരുന്നു; ജനസംഘം, സംഘടനാ കോണ്‍ഗ്രസ്, ബിഎല്‍ഡി, സോഷ്യലിസ്റ്റുകള്‍ എന്നിവര്‍ ഒന്നിച്ചുകൂടി ഒറ്റക്കെട്ടായി ഒരു ചിഹ്നത്തിന്‍കീഴില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. ജഗജീവന്‍ റാം, എച്ച് എന്‍ ബഹുഗുണ, നന്ദിനി സത്പതി തുടങ്ങിയ കോണ്‍ഗ്രസുകാരും അതിനൊപ്പം അണിനിരന്നു. ഏകാധിപതിയെ കെട്ടുകെട്ടിക്കാന്‍ അന്ന് ഇന്ത്യന്‍ ജനത തയ്യാറായി ….. അടിയന്തരാവസ്ഥയില്‍ ഒളിവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ വലിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് യഥാര്‍ഥത്തില്‍ അവിടെ കണ്ടത്. ജനത പാര്‍ട്ടിക്ക് 298 സീറ്റുകള്‍ കിട്ടി; കോണ്‍ഗ്രസിന് ലഭിച്ചത് 153 ; അതില്‍ 92 എണ്ണവും ദക്ഷിണേന്ത്യയില്‍ നിന്നും. അങ്ങിനെ ആദ്യമായി ഒരു കോണ്‍ഗ്രസിതര സര്‍ക്കാര്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറി.

ഇന്നിപ്പോള്‍ അന്ന് ജയിലില്‍ കഴിഞ്ഞവരെ നാം സ്മരിക്കേണ്ടതുണ്ട്. അവരില്‍ പലര്‍ക്കും അന്ന് ക്രൂരമായ മര്‍ദ്ദനങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. പലരുടെയും ഭാവി ജീവിതം വിഷമത്തിലായി. മരണത്തോട് മല്ലടിക്കുന്നവരെയും നാമിന്ന് കാണുന്നു. അവര്‍ ചെയ്ത തെറ്റ് , ഇന്ത്യയില്‍ ജനാധിപത്യം തകരരുത് എന്നാഗ്രഹിച്ചു എന്നതാണ്. ഒരു വിധത്തില്‍ അതൊരു ധര്‍മ്മ സമരമായിരുന്നു. പക്ഷെ എത്രവലിയ ക്രൂരതയാണ് അവരില്‍ പലര്‍ക്കും പോലീസില്‍ നിന്ന് നേരിടേണ്ടിവന്നത്. അവരെ ആരും ഇന്നിപ്പോള്‍ ശ്രദ്ധിക്കുന്നില്ല. ചില സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍, മധ്യ പ്രദേശ്, പഞ്ചാബ്, ബീഹാര്‍, ഛത്തിസ്ഗഢ് തുടങ്ങിയവ, അടിയന്തരാവസ്ഥ തടവുകാരെ പരിഗണിക്കുകയും അവര്‍ക്ക് പെന്‍ഷന്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ ബഹു ഭൂരിപക്ഷം സര്‍ക്കാരുകളും അതില്‍ നിന്ന് പിന്തിരിഞ്ഞു നിന്നു. ഒരു പക്ഷെ ആര്‍എസ്എസുകാരായിരുന്നു അന്ന് ജയിലിലുണ്ടായിരുന്നവരില്‍ ഏറെയും എന്നത് കൊണ്ടാവാമത്. പക്ഷെ ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയവും മറ്റും കടന്നുകൂടരുതായിരുന്നു. ഇന്നിപ്പോള്‍ കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചില ചിന്തകള്‍ തുടങ്ങിയിട്ടുണ്ട് എന്നത് സന്തോഷകരമാണ്. ജയിലില്‍ പോയവരെ മാത്രമല്ല അക്കാലത്ത് ഒളിവില്‍ പ്രവര്‍ത്തിച്ചവരുടെയും കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായി കണ്ടു. ഒളിവില്‍ പോയവരും ഒളിവില്‍ പ്രവര്‍ത്തിച്ചവരുമൊക്കെ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നുവല്ലോ. ആയിരങ്ങള്‍ ഒളിവില്‍ പ്രവര്‍ത്തിച്ചത് കൊണ്ടുകൂടിയാണ് ഈ സമരം വിജയിച്ചതും ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കപ്പെട്ടതും. തീര്‍ച്ചയായും ആ നീക്കങ്ങള്‍ ഫലപ്രാപ്തിയിലെത്തട്ടെ എന്നാശംസിക്കുന്നു. ഇന്ന് അടിയന്തരവസ്ഥയെക്കുറിച്ചു ചിന്തിക്കുമ്പള്‍ ഏറ്റവും പ്രധാനം ജയില്‍വാസമനുഷ്ഠിച്ച ഈ മനുഷ്യരാണ് ….. ദേശാഭിമാനിമാരാണ്. കേന്ദ്ര സര്‍ക്കാരും ഇക്കാര്യം പരിശോധിക്കേണ്ടതാണ്. കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചിട്ടായാലും അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരുടെ ദുഃഖമകറ്റാന്‍ ശ്രമം ഉണ്ടാവുക തന്നെ വേണം.

അടിയന്തരാവസ്ഥയില്‍ ധര്‍മ്മ സമരത്തില്‍ പങ്കെടുത്തവര്‍ ഇന്ന് ഒരു സംഘടന രൂപീകരിച്ചുകൊണ്ട് അസോസിയേഷന്‍ ഓഫ് ദി എമര്‍ജെന്‍സി വിക്ടിംസ്, രംഗത്തുണ്ട്. വിഷമം അനുഭവിക്കുന്നവരെ സഹായിക്കാനും അതെ സമയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വിഷമതകള്‍ കൊണ്ടുവരാനുമൊക്കെ അവര്‍ക്കായിട്ടുണ്ട്. അസോസിയേഷന്‍ ഓഫ് ദി എമര്‍ജെന്‍സി വിക്ടിംസ് കുറേകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അന്ന് ജയിലില്‍ പോയവര്‍ക്കും ദുരിതങ്ങള്‍ അനുഭവിക്കാനായി നിര്ബന്ധിതരായവര്‍ക്കും ഒരു കൈത്താങ്ങാണ് അവരിന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button