Latest NewsIndia

ആള്‍കൂട്ട കൊലപാതകം; രാജ്യസഭയിലും പ്രതിഷേധം, പ്രതികള്‍ക്കും പോലീസുകാര്‍ക്കുമെതിരെ നടപടി

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. യുവാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും നിയമിച്ചു. ജൂണ്‍ 18നാണ് തബ്രിസ് അന്‍സാരി എന്ന യുവാവിനെ ഖാര്‍സ്വാനില്‍ ഒരുസംഘമാളുകള്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ജുഡിഷ്യല്‍ കസ്റ്റഡിയിലായിരുന്ന തബ്രീസിന്റെ ആരോഗ്യനില ജൂണ്‍ 22ന് രാവിലെ മോശമായതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തബ്രീസിനെ തൂണില്‍ ചേര്‍ത്ത് കെട്ടിയ ശേഷം ഏഴുമണിക്കൂറോളം അടിച്ച് അവശനാക്കിയെന്നും ‘ജയ് ശ്രീറാം, ജയ് ഹനുമാന്‍’ എന്നു വിളിക്കാന്‍ നിര്‍ബന്ധിച്ചതായും പ്രതികള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വിഡിയോയില്‍ കേള്‍ക്കാം. നിലത്ത് പുല്ലില്‍ കിടക്കുന്ന തബ്രീസിനെതിരെ പ്രദേശവാസികള്‍ ആക്രോശം മുഴക്കുമ്‌ബോള്‍ ഒരാള്‍ മരക്കഷ്ണം ഉപയോഗിച്ചു മര്‍ദിക്കുന്നതും കാണാം.

സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന തബ്രിസിനെ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി ക്രൂരമായി മണിക്കൂറുകളോളം മര്‍ദിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലെത്തിച്ച തബ്രിസ് നാല് ദിവസത്തിന് ശേഷം മരിച്ചു. കസ്റ്റഡിയില്‍വച്ച് തബ്രിസിനെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ലെന്ന് തബ്രിസിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

ആശുപത്രിയിലെത്തും മുമ്പേ തബ്രിസ് മരിച്ചിരുന്നതായും അവര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യം പപ്പു മണ്ഡല്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button