KeralaLatest News

സ്വര്‍ണ വില കുതിച്ചുയരുന്നു; പവന് 280 രൂപ കൂടി

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: സ്വര്‍ണവില കുതിച്ചുയര്‍ന്ന് സര്‍വ്വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് ഉയര്‍ന്നത്. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് സ്വര്‍ണ വില. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 14.20 ഡോളറാണ് ഇന്ന് ഉയര്‍ന്നത്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,427.35 ഡോളറാണ് ഇന്നത്തെ നിരക്ക്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളാണ് സ്വര്‍ണ വില കുതിച്ച് ഉയരാന്‍ കാരണം. യുഎസ് – ചൈന വ്യാപാര യുദ്ധം കടുത്ത സാഹചര്യത്തില്‍ ഇത് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകരില്‍ അധികവും സ്വര്‍ണത്തിലേക്ക് കൂടുതലായി മാറിയതാണ് സ്വര്‍ണവില ചരിത്ര നിരക്കിലേക്ക് ഉയരാന്‍ കാരണമായത്. അടുത്ത മാസം ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ട്.

ഗ്രാമിന് 3,175 രൂപയായിരുന്നു ഇന്നലെ സ്വര്‍ണ നിരക്ക്. പവന് 25,400 രൂപയും. എന്നാല്‍ ഇന്ന് വീണ്ടും 280 രൂപ കൂടുകയായിരുന്നു. 2019 ജൂണ്‍ 21 നാണ് ഇതിന് മുന്‍പ് സ്വര്‍ണത്തിന് ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,180 രൂപയും പവന് 25,440 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button