KeralaLatest News

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം :  2017ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും പത്രാധിപരും ഗ്രന്ഥകര്‍ത്താവുമായ ടി.ജെ.എസ്. ജോര്‍ജിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം. മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ പുരസ്‌കാരമാണിത്. ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തി. 1950 ല്‍ മുംബൈയിലെ ഫ്രീപ്രസ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തനജീവിതം ആരംഭിച്ചു. ഇന്റര്‍നാഷനല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദ് സെര്‍ച്ച്ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഹോങ്കോങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്. സ്വതന്ത്രഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ്.

വി.കെ.കൃഷ്ണമേനോന്‍, എം.എസ്.സുബ്ബലക്ഷ്മി, നര്‍ഗീസ്, പോത്തന്‍ ജോസഫ്, ലീ ക്വാന്‍ യ്യൂ തുടങ്ങിയവ മഹാന്‍മാരുടെ ജീവചരിത്രങ്ങളും സ്വന്തം ഓര്‍മക്കുറിപ്പുകളായ ഘോഷയാത്രയും ഉള്‍പ്പെടെ ഇംഗ്ലിഷിലും മലയാളത്തിലുമായി 20 ഗ്രന്ഥങ്ങള്‍ രചിച്ചു. പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 2019 മേയ് ഏഴിനു 91 വയസ് പിന്നിട്ട ടി.ജെ.എസ് ഇപ്പോഴും സമകാലിക മലയാളം ഉള്‍പ്പെടുന്ന ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ എഡിറ്റോറിയല്‍ ഉപദേശക പദവി വഹിക്കുന്നു. പോയിന്റ് ഓഫ് വ്യൂ എന്ന പംക്തിയും കൈകാര്യം ചെയ്യുന്നു. ഡോ. സെബാസ്റ്റ്യന്‍ പോള്‍ അധ്യക്ഷനും പാര്‍വതി ദേവി, എന്‍.പി.രാജേന്ദ്രന്‍ എന്നിവര്‍ അംഗങ്ങളും ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് ടി.ജെ.എസ്. ജോര്‍ജിനെ തിരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button