Latest NewsIndia

കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ രാജിവച്ചു

ന്യൂഡല്‍ഹി : കാലാവധി തീരാന്‍ ആറുമാസം ബാക്കി നില്‍ക്കെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. 2020 ജനുവരി 20 വരെയായിരുന്നു കാലാവധി. കേന്ദ്രവുമായുള്ള അഭിപായ വ്യത്യാസങ്ങളെ തുടര്‍ന്ന് രാജിവച്ച ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലുമായി ഏറെ അടുപ്പമുള്ള ആളാണ് വിരാല്‍ ആചാര്യ. ഊര്‍ജിത് പട്ടേല്‍ രാജി വച്ചതിന് പിന്നാലെ വിരാല്‍ ആചാര്യയും സ്ഥാനമൊഴിയുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും ആര്‍ബിഐ അത് തള്ളുകയായിരുന്നു.

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണ അവകാശത്തിന്‍മേല്‍ കൈകടത്താന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആചാര്യ വ്യക്തമാക്കിയിരുന്നു. ചില ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെയായിരുന്നു അദ്ദേഹം തുറന്നടിച്ചത്. ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി ചുമതലയേറ്റതിനു പിന്നാലെയാണ് ആചാര്യ ഡപ്യൂട്ടി ഗവര്‍ണറായി തല്‍ സ്ഥാനത്തെത്തുന്നത്.

ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതലയായിരുന്നു ആചാര്യക്ക്. വളര്‍ച്ച, പണപ്പെരുപ്പം തുടങ്ങിയ കാര്യങ്ങളില്‍ ഗവര്‍ണര്‍ ശശികാന്ത ദാസുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും സൂചനയുണ്ട്. ന്യൂയോര്‍ക്കിലെ സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ അധ്യാപകനായിരിക്കെയാണ് വിരാല്‍ ആചാര്യ ആര്‍ബിഐയില്‍ എത്തിയത്. അധ്യാപന മേഖലയിലേക്കു തന്നെ ആചാര്യ മടങ്ങുമെന്നാണു റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button