KeralaLatest NewsIndia

അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം ഇന്നു മുതല്‍

കൊച്ചി: കല്ലട ബസിലെ യാത്രക്കാരോടുള്ള ഗുണ്ടായിസത്തിന് പിന്നാലെ അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കല്ലട സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ സ്വകാര്യബസ് ഉടമകളെയും ജീവനക്കാരെയും മനപൂര്‍വം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് നാനൂറോളം അന്തര്‍സംസ്ഥാന ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തുന്നത്. ഇതിനിടെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള തടയാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി.

പാതിരാത്രിയില്‍ യാത്രക്കാരെ മര്‍ദ്ദിച്ച് പെരുവഴിയിലിറക്കിവിടുക, ഈ സംഭവം കഴിഞ്ഞ് രണ്ടുമാസം തികയും മുമ്പേ യാത്രക്കാരിക്ക് നേരെ ബസിനുളളില്‍ പീഡന ശ്രമം അങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് കല്ലട ബസിനെതിരായ പരാതികള്‍. അമിത വേഗത്തിലോടിയ ബസില്‍ നിന്നും വീണ് തുടയെല്ലിന് പൊട്ടലേറ്റ യാത്രക്കാരന് ചികിത്സ ലഭ്യമാക്കിയില്ലെന്ന ആരോപണവും അടുത്തിടെ കല്ലട ബസിനെതിരായി ഉയര്‍ന്നിരുന്നു. ഇതരസംസ്ഥാന ബസുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുമെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച ഘട്ടത്തിലാണ് അനിശ്ചിതകാല സമരവുമായി ബസുടമകള്‍ രംഗത്തെത്തിയത്. ഓപറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പരിശോധന അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ന് മുതല്‍ അയല്‍സംസ്ഥാനങ്ങളിലേക്കും അവിടെ നിന്നും ഒരൊറ്റ ബസ് പോലും ഓടില്ലെന്നാണ് അന്തര്‍സംസ്ഥാന സ്വകാര്യ ബസുടമകള്‍ പറയുന്നത്. എന്നാല്‍ അന്തര്‍സംസ്ഥാനയാത്രക്കാരുടെ പേരില്‍ സര്‍ക്കാരിനെ സമ്മദ്ദത്തിലാക്കി തലയൂരാനുളള ബസുടമകളുടെ തന്ത്രമാണിതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button