ന്യൂദല്‍ഹി: ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ട നടപടിക്കെതിരെ പാർട്ടിയിൽ കടുത്ത പ്രതിഷേധം.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറാവാതെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് ഈ നിര്‍ദേശം നല്‍കിയത്. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതിനെതിരെ കോണ്‍ഗ്രസില്‍ തന്നെ കലാപം ഉയര്‍ന്നിട്ടുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്വം പ്രിയങ്കയും ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.
അതേസമയം, കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെ അദ്ധ്യക്ഷന്‍ തന്നെ അപമാനിക്കുന്ന സ്ഥിതിവിശേഷം പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എഐസിസിയുടെ കത്തില്‍ ഒപ്പിടാന്‍ തയ്യാറാകാതെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെ കഴിഞ്ഞ ദിവസം അപമാനിച്ചിരുന്നു. രാഹുല്‍ തന്റെ വാശി തുടരുന്ന സാഹചര്യത്തില്‍ ചരിത്രത്തിലാദ്യമായി അദ്ധ്യക്ഷന്റെ ഒപ്പില്ലാതെ എഐസിസിക്ക് കത്ത് പുറത്ത് വിടേണ്ടി വന്നു.
പാര്‍ട്ടി ഘടകങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നല്‍കിയ കത്തില്‍ അദ്ധ്യക്ഷന്റെ ഒപ്പുണ്ടായിരുന്നില്ല. ഒപ്പിടില്ലെന്ന രാഹുലിന്റെ വാശിയെ തുടര്‍ന്ന് വേണുഗോപാലാണ് കത്തില്‍ ഒപ്പിട്ടതെന്നാണ് സൂചന. ഔദ്യോഗികമായി പദവികളില്‍ നിന്ന് ഒഴിഞ്ഞിട്ടില്ലെങ്കിലും പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടില്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുല്‍. അടുത്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആരായിരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അത് തീരുമാനിക്കുന്നത് താനല്ലെന്നും സ്ഥാനത്ത് തുടരില്ലെന്നും രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാല്‍ നിലവില്‍ അദ്ധ്യക്ഷനായിരിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ സംഘടനാ സംവിധാനത്തെ അപമാനിക്കുകയാണെന്നാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയരുന്ന വിമര്‍ശനം. ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിക്ക് നേതൃത്വമില്ലാത്ത പശ്ചാത്തലത്തില്‍ പാര്‍ട്ടി നേരിടുന്ന കടുത്ത പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്നേക്കും.
അടുത്ത്തന്നെ 11 നിയമസഭാ സീറ്റുകളിലേക്ക് യുപിയില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോവുകയാണ്. നിലവിലെ എംഎല്‍എമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് ജയിച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുക. ഇവിടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ടംഗങ്ങള്‍ വീതമുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
Post Your Comments